തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വല്‍ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇനിയും ശമ്പളം നല്‍കിയില്ല. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്റ് പറയുന്നത്. കെഎസ്‌ആര്‍ടിസിയില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇനിയും മെയ് മാസത്തിലെ ശമ്പളം നല്‍കി കഴിഞ്ഞിട്ടില്ല. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ടായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.
എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കിട്ടാതെ ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസില്‍ കയറ്റില്ലെന്ന് ഐഎന്‍ടിയുസിയും പ്രഖ്യാപിച്ചു. ഇന്ന് കെഎസ്‌ആര്‍ടിസി ആസ്ഥാനത്തെത്തിയ ഓഫീസര്‍മാരെ സിഐടിയു-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ചയച്ചു. ഉപരോധസമരം, നിരാഹാര സത്യഗ്രഹം, ചീഫ് ഓഫീസ് വളയല്‍ എന്നിങ്ങനെ കഴിഞ്ഞ 22 ദിവസമായി പ്രതിഷേധത്തിന്റെ അടവുകള്‍ പലതും പയറ്റിയിട്ടും മാനേജ്മെന്റിന് യാതൊരു കുലുക്കമില്ല. സമരം തുടങ്ങിയതില്‍ പിന്നെ സിഎംഡി, കെഎസ്‌ആര്‍ടിസി ഓഫീസില്‍ കാലുകുത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് നോക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് ഭരണാനുകൂല സംഘടന തന്നെ നേരിട്ടിറങ്ങി മനുഷ്യപ്പൂട്ടിട്ടത്.