തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിയ്ക്ക് എത്തുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തും. ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പോകേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട, യൂണിറ്റുകളില്‍ നിന്നും ആവശ്യമായ സര്‍വ്വീസ് നടത്തണമെന്ന് സിഎംഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആറ്റിങ്ങല്‍ ഭാഗത്ത് നിന്നുള്ള ബസുകള്‍ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. നെയ്യാറ്റിന്‍കര , നെടുമങ്ങാട്, കാട്ടാക്കട ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ തൈക്കാട് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കായിരിക്കും സര്‍വ്വീസ് നടത്തുക.
കേരളത്തിലുടനീളം ഇത്തരത്തില്‍ ആശുപത്രി സര്‍വ്വീസുകള്‍ നടത്തും. സംസ്ഥാനത്തെ ഏതൊരു ഭാഗത്തേയും ഏതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സര്‍വ്വീസ് ആവശ്യമുണ്ടെങ്കില്‍ കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്നും സിഎംഡി അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍- 0471- 2463799, 9447071021, 8129562972 (വാട്ട്‌സ് അപ്പ് നമ്പര്‍).