പത്തനംതിട്ട : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുശേഷം ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. ജില്ലയില്‍ ആദ്യദിവസം ഏഴ് ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി നടത്തുന്നത് 78 സര്‍വീസുകളാണ്. പത്തനംതിട്ടയില്‍ നിന്ന് 13, കോന്നിയില്‍ നിന്ന് ആറ്, അടൂരില്‍ നിന്ന് 16, തിരുവല്ലയില്‍ നിന്ന് 19, മല്ലപ്പള്ളിയില്‍ നിന്ന് 14, റാന്നി, പന്തളം ഡിപ്പോകളില്‍ നിന്നും അഞ്ച് വീതം ബസ് സര്‍വീസുകളാണു ജില്ലയില്‍ നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം കയറ്റിയാണു സര്‍വീസുകള്‍ നടത്തുന്നത്. രാവിലെ 7 മുതല്‍ രാത്രി 7 ന് അവസാനിക്കുന്ന രീതിയിലാണു സര്‍വീസുകള്‍ ആരംഭിച്ചത്. 12 രൂപയാണ് മിനിമം ചാര്‍ജ്.
ഓര്‍ഡിനറി ബസുകളാണ് ആദ്യദിനത്തില്‍ സര്‍വീസ് നടത്തിയത്. തിരുവല്ല ഡിപ്പോയില്‍ നിന്നും നീരേറ്റുപുറം, പത്തനംതിട്ട, റാന്നി, വീയപുരം, ഓതറ എന്നിവിടങ്ങളിലേക്കാണു സര്‍വീസ് നടത്തിയത്. പത്തനംതിട്ടയില്‍ നിന്നും തിരുവല്ല, അടൂര്‍, റാന്നി, ഇലവുംതിട്ട, കലഞ്ഞൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തി. പന്തളത്ത് നിന്നും പത്തനംതിട്ടയിലേക്കും അടൂര്‍ വഴി ഏനാത്തേക്കുമാണു സര്‍വീസ്. അടൂരില്‍ നിന്നും ഏനാത്ത്, പത്തനംതിട്ട ഭാഗത്തേക്കും മല്ലപ്പള്ളിയില്‍ നിന്നും തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ട എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തി.
30 മുതല്‍ 45 മിനുറ്റുവരെ ഇടവേളകളിലാകും ബസ് സര്‍വീസ് നടത്തുക. അധിക സര്‍വീസുകള്‍ ആരംഭിച്ചതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സ്പെഷല്‍ സര്‍വീസുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല. യാത്രകാരുടെ തിരക്കനുസരിച്ച് വരുംദിവസങ്ങളില്‍ സര്‍വീസുകള്‍ കൂടുതല്‍ നടത്തുകയോ കുറയ്ക്കുകയോ ചെയ്യും.