കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് ഹൈക്കോടതി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. റാങ്ക് പട്ടികയില്‍ നിന്ന് യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പിഎസ്‌സി കെഎസ്‌ആര്‍ടിസിക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പിഎസ്‌സി കൈമാറുന്ന പട്ടികയില്‍ നിന്ന് ഓരോ ഡിപ്പോകളിലെയും ഒഴിവുകളനുസരിച്ച് ഡ്രൈവര്‍മാരെ നിയമിക്കണം. ഇവരെ വിവിധ വകുപ്പുകളില്‍ നിയമിക്കുന്നതിന്റെ ഉത്തരവാദിത്വം കെഎസ്‌ആര്‍ടിസിക്കായിരിക്കും. സംവരണ, സീനിയോരിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം നിയമനം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവരെ താല്‍ക്കാലികമായി നിയമിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. താല്‍ക്കാലിക നിയമനം സ്വീകരിച്ചാലും ഇല്ലെങ്കിലും അത് റാങ്ക് പട്ടികയെ ബാധിക്കുകയില്ല.
കേരള പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്സ് നല്‍കിയ ഹർജിയെ തുടര്‍ന്നു 2019 ജൂണില്‍ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2107 ഡ്രൈവര്‍മാരെയാണ് ഈ ഉത്തരവു പ്രകാരം കെഎസ്‌ആര്‍ടിസിക്കു പിരിച്ചുവിടേണ്ടിവന്നത്. തൊഴിലാളികള്‍ക്ക് നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒഴിവാക്കി ചെലവു ചുരുക്കുന്നതിനു വേണ്ടിയാണ് എം പാനല്‍ നിയമനം എന്നായിരുന്നു ആരോപണം.