പത്തനംതിട്ട : ഭരണഘടനയെ പരസ്യമായി നിന്ദിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു. അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെൻട്രൽ ജംഗ്ഷനിൽ എത്തുകയും പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. തുടർന്നു നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
രാജ്യത്തിന്റെ ഭരണഘടനക്കെതിരെ നിലപാട് സ്വീകരിച്ച സജി ചെറിയാനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു. തുടർന്ന് മന്ത്രി സജി ചെറിയാന്റെ കോലം പ്രവർത്തകർ കത്തിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി അലൻ ജിയോ മൈക്കിൾ,കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്, ജോമി വർഗ്ഗീസ്, തഥാഗതൻ ബി.കെ, വിഷ്ണു ആർ പിള്ള, ഗണേഷ് ആനപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.