കണ്ണൂര്‍ : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരം ആറാം ദിനവും ഊര്‍ജിതം. കോട്ടയത്ത് എസ്.പി ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ച് കലക്ടറേറ്റിനു സമീപം പോലീസ് ബാരിക്കേറ്റ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ ബാരിക്കേഡ് മറിഞ്ഞു വീണ് നിരവധി പ്രവര്‍ത്തകര്‍ ഇതിനുള്ളില്‍ കുടുങ്ങി. ഇവരെ പോലീസ് വളഞ്ഞിട്ട് അടിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബാരിക്കേഡിനിടയില്‍ പെട്ട് നിരവധി പ്രവര്‍ത്തകരുടെ കാലുകള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ റോഡില്‍ കുത്തിയിരിക്കുകയാണ്.
കൊല്ലത്തും പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയില്‍ എന്‍.ഐ.എ ഓഫീസിനു മുന്നിലായിരുന്നു യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രക്ഷോഭം നേരിടാന്‍ പോലീസ് നേരത്തെ തന്നെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്‍.ഐ.എ ഓഫീസിലേക്കുള്ള റോഡ് ബാരിക്കേഡ് വെച്ച് മറച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിച്ചു.
കണ്ണൂരില്‍ മന്ത്രി ജലീലിനെ പ്രതികാത്മകമായി ജയിലിലടച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം. പ്രതിഷേധം ഭയന്ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോഴിക്കോട് കമ്മീഷണറേറ്റ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പോലീസ് ലാത്തിച്ചാര്‍ജില്‍ വി.ടി ബല്‍റാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവരെ ലാത്തിക്കടിച്ചു.
ചങ്ങരംകുളത്ത് മന്ത്രി ജലീലിന് തലയില്‍ മുണ്ടിട്ട് നടക്കാന്‍ തോര്‍ത്ത്മുണ്ട് വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് ഭിക്ഷയെടുക്കുകയാണ്. കടകള്‍ തോറും കയിറയിറങ്ങിയാണ് ഭിക്ഷയെടുപ്പ്. മന്ത്രിക്ക് തോര്‍ത്ത് വാങ്ങാന്‍ 25 രൂപ ചലഞ്ചുമായി വി.ടി ബല്‍റാം എം.എല്‍എ രംഗത്തെത്തിയിരുന്നു.