കോഴിക്കോട് : സമൂഹമാദ്ധ്യമങ്ങളില്‍ തനിക്കെതിരെ നിരന്തരം പ്രതികരിക്കുന്ന പ്രവാസി മലയാളിയെ കേരളത്തിലേക്ക് നാടുകടത്തുന്നതിനായി യു എ ഇ കോണ്‍സുലേറ്റിന്റെ സഹായം തേടിയെന്ന ജലീലിനെതിരെയുള്ള ആരോപണത്തെ ന്യായീകരിച്ച് മന്ത്രി രംഗത്ത്. നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു പ്രവാസിയായ യാസര്‍ എന്നാണ് മന്ത്രിയുടെ വാദം. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച കേസുകളാണ് യാസറെന്നും അത്തരത്തിലുള്ളയാളെ തിരികെ എത്തിക്കാന്‍ ശ്രമിച്ചതില്‍ എന്താണ് തെറ്റെന്നുമാണ് മന്ത്രിയുടെ വാദം.
എന്നാല്‍ ഡി വൈ എഫ് ഐയുടെയും സിപിഎം നേതാക്കളുടെയും പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. മന്ത്രി ജലീലിനെതിരെ ഫേസ്ബുക്കില്‍ യാസര്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിരിന്നു. എന്നാല്‍ വിദേശത്തായിരുന്ന ഇയാള്‍ തുടര്‍ന്നും മന്ത്രിക്കെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞതോടെയാണ് പ്രകോപിതനായ മന്ത്രി വളഞ്ഞ വഴിയിലൂടെ യാസറിനെ നാട്ടിലെത്തിക്കാന്‍ യു എ ഇ കോണ്‍സുലേറ്റിന്റെ സഹായം ആരാഞ്ഞത്.
അതേസമയം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തേടി യാസറിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയിഡും വിവാദമാവുകയാണ്. കൊവിഡ് സമയത്ത് രണ്ട് തവണയാണ് പോലീസ് ഇയാളുടെ വീട്ടില്‍ റെയിഡ് നടത്തിയത്. കോണ്‍സുലേറ്റ് വഴി യുവാവിനെ വിദേശ രാജ്യത്ത് നിന്നും നാട് കടത്താന്‍ ശ്രമിച്ച മന്ത്രിയുടെ നടപടി കടുത്ത ചട്ടലംഘനമാണെന്ന് പ്രമുഖ നയതന്ത്ര വിദഗ്ദ്ധന്‍മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവേ അഭിപ്രായപ്പെട്ടിരുന്നു.