തിരുവനന്തപുരം : പപ്പടം മുതൽ സോഫ്റ്റ്വെയർ വരെ ഉണ്ണിയപ്പം പോലെ ചുട്ടെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ഡയറക്ടറുടെ വക ഇനി പുതിയ ടാസ്ക്. വകുപ്പ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് അടിച്ച് രക്ഷപ്പെടുത്താനാണ് കുടുംബശ്രീ അംഗങ്ങൾക്കുള്ള പുതിയ നിർദേശം.
സർക്കാരിലെ മറ്റ് മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് ലൈക്കുകൾ ഉള്ളപ്പോൾ വകുപ്പ് മന്ത്രിയുടെ പേജിന് വെറും 63000-ൽപരം ലൈക്കുകൾ മാത്രമാണുള്ളത്. അതിനാൽ കുടുംബശ്രീ ഫെയ്സ്ബുക്ക് ക്യാംപയിനിലൂടെ ഫെയ്സ്ബുക്ക് പേജിലെ ലൈക്ക് കൂട്ടാനാണ് കുടുംബശ്രീ ഡയറക്ടർ ജില്ലാ കോർഡിനേറ്റർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.
തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഓരോ ദിവസം ഓരോ ജില്ലയ്ക്കാണ് ലൈക്കടിക്കാനുളള ചുമതല. നിശ്ചയിക്കുന്ന ദിവസം ഒരു ജില്ലയിൽ നിന്ന് ഒന്നര ലക്ഷം ലൈക്ക് വരെയാണ് പ്രതീക്ഷിക്കുന്നത്.