കുളനട : തിരുവാഭരണഘോഷയാത്ര പ്രകൃതി സൗഹൃദമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കുളനട ഗ്രാമപ്പഞ്ചായത്ത്. ഘോഷയാത്ര കടന്നുപോകുന്ന പാതയിലും പരിസരത്തും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് വൃത്തിയാക്കുകയെന്നതാണ് പ്രധാനം. ഇതിനായി പഞ്ചായത്തിലെ ഹരിതകർമസേന തയ്യാറാക്കിയിട്ടുള്ളത് തഴപ്പായ നെയ്തുണ്ടാക്കിയ പ്രകൃതി സൗഹാർദ കൂടയാണ്. പന്തളം വലിയപാലം മുതൽ ആര്യാട്ട് മോടി വരെയുള്ള കുളനട പഞ്ചായത്തിന്റെ പ്രദേശത്ത് ഉപേക്ഷിക്കുന്ന മുഴുവൻ പാഴ്‌വസ്തുക്കളും അന്നേദിവസം തന്നെ നീക്കംചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.
കഴിഞ്ഞവർഷവും ഹരിതകർമസേനയുടെ പ്രവർത്തനം മികച്ചതായിരുന്നു. പഞ്ചായത്ത് ഇവരെ അനുമോദിക്കുകയും ചെയ്തിരുന്നു. ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ ഹരിതകർമ സേനാംഗങ്ങൾക്ക് തഴപ്പായകൊണ്ട തീർത്ത കൂടകൾ കൈമാറി. വൈസ് പ്രസിഡന്റ് പി.ആർ.മോഹൻദാസ് ജന പ്രതിനിധികളായ ബിജു പരമേശ്വരൻ, ഐശ്വര്യ ജയചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി സി.അംബിക, അസിസ്റ്റൻറ് സെക്രട്ടറി പി.ചാന്ദ്‌നി, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, വി.ഇ.ഒ. കെ.ആർ.രാഹുൽ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.