കാസര്‍കോട് : കുമ്പളയില്‍ യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് വനിത സുഹൃത്തിന്റെ പേരിലുള്ള തര്‍ക്കമെന്ന് പോലീസ്. തൂങ്ങിമരിച്ച രണ്ട് യുവാക്കള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ മുഖ്യപ്രത്രി ശ്രീകുമാര്‍ അറസ്റ്റിലായി. സംഘത്തില്‍ ഉള്‍പ്പെട്ട നാലാമനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പത്ത് വര്‍ഷത്തിലേറെയായി സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരനായ ഹരീഷിനെ തിങ്കളാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനിടയില്‍ വഴിയാത്രക്കാരാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഹരീഷിനെ കണ്ടെത്തുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഹരീഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഏറെ വൈകാതെതന്നെ പോലീസ് ശ്രീകുമാര്‍ എന്ന വ്യക്തിയിലേക്ക് എത്തി. സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് ലഭിച്ച മൊഴികള്‍ അന്വേഷണസംഘത്തിന് സഹായകരമായി. വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുന്‍പും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായുള്ള സൂചന പോലീസിന് ലഭിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.
ശ്രീകുമാര്‍ ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്ന് മനസ്സിലായതോടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഇത് മനസ്സിലാക്കിയ 19 കാരന്‍ മണിയും 21 കാരന്‍ റോഷനും വീടിന് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ തൂങ്ങിമരിച്ചു. നാലാമന്‍ കൂടി പിടിയിലാകുന്നതോടെ കൃത്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്ന് പോലീസ് അറിയിച്ചു. കുമ്പള സിഐ. പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.