പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ നിര്‍മ്മാണത്തില്‍ നടക്കുന്നത് കരാറുകാരന്റെയും ജീവനക്കാരുടെയും അഴിഞ്ഞാട്ടമാണെന്ന് കുമ്പഴ വികസനസമിതി ആരോപിച്ചു. കുമ്പഴക്കാരുടെ കുടിവെള്ളം മുട്ടിച്ചിട്ട് മാസങ്ങളായി. പൊട്ടിച്ചിട്ട പൈപ്പുകള്‍ നന്നാക്കി ജലവിതരണം പുസ്ഥാപിക്കുവാന്‍ ഇതുവരെയായും കരാറുകാരന്‍ തയ്യാറായിട്ടില്ല. ഇ.കെ.കെ ഗ്രൂപ്പാണ് ഇവിടെ പാത പണിയുടെ കരാര്‍ എടുത്തിരിക്കുന്നത്. ഇവര്‍ പിന്നീട് പല ഉപകരാറുകളും നല്‍കിയിട്ടുണ്ട്. ജനങ്ങളോട് വളരെ പരുഷമായ സ്വരത്തിലാണ് കരാര്‍ കമ്പിനിയുടെ ജീവനക്കാര്‍ പ്രതികരിക്കുന്നത്.
ജനങ്ങളുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് പാതപണി പൂര്‍ത്തീകരിക്കേണ്ടത്. കുടിവെള്ളം, ഗതാഗതം, വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഒന്നും തടസ്സപ്പെടുവാന്‍ പാടില്ല. പാതയുടെ ഇരുവശത്തുമുള്ള വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വഴി തടസ്സപ്പെടുത്തുവാന്‍ പാടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ മാര്‍ഗ്ഗതടസ്സം ഉണ്ടായാല്‍ എത്രയും വേഗം പണിപൂര്‍ത്തീകരിച്ച് മാര്‍ഗ്ഗതടസ്സം ഒഴിവാക്കുകയോ താല്‍ക്കാലിക വഴി ഒരുക്കി നല്‍കുകയോ ചെയ്യേണ്ടത് കരാറുകാരന്റെ ചുമതലയാണ്. പാതയുടെ നിര്‍മ്മാണം നടക്കുമ്പോള്‍ പൊടിശല്യം ഉണ്ടായാല്‍ നിശ്ചിത ഇടവേളകളില്‍ വെള്ളം തളിച്ച് ഇതിന്റെ രൂക്ഷത കുറക്കണം.
പാതയുടെ നിര്‍മ്മാണ വേളയില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയാല്‍ അതിന്റെ തകരാര്‍ പരിഹരിക്കേണ്ടതും കരാറുകാരന്റെ ചുമതലയാണ്. തകരാര്‍ പരിഹരിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ അതുവരെ കരാറുകാരന്റെ ചുമതലയിലും ചെലവിലും ഇവിടെ കുടിവെള്ളം എത്തിക്കണം. എന്നാല്‍ ഇക്കാര്യങ്ങള്‍ പലതും കരാറുകാരന്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവെച്ചുകൊണ്ടാണ് ഇവിടെ നിര്‍മ്മാണം നടത്തുന്നത്. മാസങ്ങളായി കുടിവെള്ളം മുടങ്ങിയവര്‍ പണംകൊടുത്താണ് വെള്ളം ഇറക്കുന്നത്. കുമ്പഴ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വെള്ളമില്ലാതെയായിട്ട് മാസങ്ങളായി. ഇവിടെ റോഡു പണിയും ഇഴഞ്ഞാണ് നീങ്ങുന്നത്. പല കെട്ടിടങ്ങളിലേക്കുമുള്ള പൈപ്പ് കണക്ഷന്‍ ഇവിടെ വിശ്ച്ചേദിച്ചിരിക്കുകയാണ്. ഇത് കണക്ട് ചെയ്ത് നല്‍കുവാന്‍ കരാറുകാരനോ അവരുടെ ജീവനക്കാരോ തയ്യാറാകുന്നില്ല.
കുടിവെള്ളം മുടങ്ങിയതിന്റെ പരാതി പറയാന്‍ കരാറുകാരന്റെ ജീവനക്കാരെ വിളിച്ചാല്‍ പരുഷമായ മറുപടിയാണ് ലഭിക്കുക. ഫോണ്‍ എടുക്കാന്‍ പോലും ഇവര്‍ തയ്യാറാകില്ല. ഇതൊന്നും തങ്ങളുടെ ജോലി അല്ലെന്ന നിലപാടാണ് ഈ ജീവനക്കാര്‍ക്ക്. ഇ.കെ.കെ കമ്പിനിയുടെ ചില തൊഴിലാളികളില്‍ നിന്നും അതിരുവിട്ട മോശം പെരുമാറ്റമാണ് പൊതുജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. പാതയുടെ നിര്‍മ്മാണത്തില്‍ മിക്ക സ്ഥലത്തും അപാകതകള്‍ ഏറെയുണ്ട്. എങ്ങനെയെങ്കിലും പണി തീര്‍ത്ത് കോടികള്‍ കയ്കലാക്കാനുള്ള ശ്രമം മാത്രമാണ് ഇവിടെ നടക്കുന്നത്. ഇതിന് കെ.എസ്.ടി.പി ഉദ്യോഗസ്ഥരും കുടപിടിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.