പത്തനംതിട്ട : കുമ്പഴയില്‍ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതി പോലീസ് കസ്റ്റഡിയില്‍നിന്നും ചാടിപ്പോയ സംഭവത്തില്‍ ഒരു പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രവി ചന്ദ്രനെയാണ് സസ്പന്‍ഡ് ചെയ്തത്. ചാടിപ്പോയ പ്രതിയെ ഇന്നലെ വെളുപ്പിനെ കുമ്പഴ നിന്നും നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു.
മര്‍ദനമേറ്റ് അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതി കുട്ടിയുടെ രണ്ടാനച്ഛനാണ്. അമ്മ കനക മറ്റു വീടുകളില്‍ ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. തമിഴ്നാട് രാജപാളയം സ്വദേശികളാണ് ഇവര്‍. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് കുമ്പഴയിലെ ഒരു വീട്ടില്‍ ആയിരുന്നപ്പോഴാണ് മദ്ദനവും പീഡനവും നടന്നത്.