പത്തനംതിട്ട : കുമ്പഴയില്‍ പാടത്തിനു തീ പിടിച്ചു. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുമ്പഴ മലയാലപ്പുഴ റോഡില്‍ ഇടത്തറ പടിയിലെ കണ്ടത്തിനാണ് ഇന്ന് വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്.
ഈ ഭാഗത്തുള്ള കണ്ടങ്ങള്‍ക്ക് എല്ലാവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിക്കാറുണ്ടെന്നും ഇത് ആരോ ബോധപൂര്‍വ്വം ചെയ്യുന്നതാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം ഇതുപോലെ നിരവധി തീപിടുത്തങ്ങള്‍ ഈ ഭാഗത്ത് ഉണ്ടായെന്നും സമീപവാസികള്‍ പറയുന്നു. ഒരുദിവസം രണ്ടുപ്രാവശ്യം വരെ തീപിടിച്ചിരുന്നു. അന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. മഴക്കാലത്തിനു മുമ്പേ കണ്ടത്തിലെ കളകളും ഉണങ്ങിയ പുല്ലും നശിപ്പിക്കുവാനുള്ള എളുപ്പവഴിയാണോ ഇതെന്നും സംശയിക്കുന്നു. ഇത് കത്തിക്കുമ്പോള്‍ ലഭിക്കുന്ന ചാരം വളമായി മാറുകയും ചെയ്യും. തുടര്‍ച്ചയായി ഈ ഭാഗത്ത് കണ്ടത്തിന് തീപിടിക്കുന്നതിന്റെ കാരണം അഗ്നിശമനസേനയും പോലീസും അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.