ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ശിർപൂരിൽ താൻ പഠിച്ച സ്കൂളിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ.
കുംഭമേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്റെ ശ്രദ്ധയിൽപെട്ടതായി അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് താൻ എതിരല്ല. എന്നാൽ, ഈ തുകയുടെ 0.1 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ സ്കൂളുകൾ പൂട്ടിപ്പോകുന്നത് തടയാമായിരുന്നുവെന്നും ജസ്റ്റിസ് പി.ബി. വരാലെ വ്യക്തമാക്കി.




























