പത്തനാപുരം : ഭക്തിയും ആവേശവും അലയടിച്ച അന്തരീക്ഷത്തിൽ പട്ടാഴി ദേവീക്ഷേത്രത്തിൽ നടന്ന കുംഭത്തിരുവാതിര നാടിന്റെ ആഘോഷമായി. സേവ നടത്തി താലപ്പൊലിയും വാദ്യമേളങ്ങളുമായി തങ്കയങ്കി എഴുന്നള്ളിപ്പ് സേവപ്പന്തലിൽ നിന്ന് ക്ഷേത്രത്തെ വലംവെച്ചു. തുടർന്നാണ് അനുഷ്ഠാനമായ പേച്ച് നടന്നത്. ഭദ്രകാളി-ദാരുക സംവാദത്തെ അടിസ്ഥാനമാക്കിയ പേച്ചിന് ശേഷം കരനാഥന്മാർ വടക്കേമുറ്റത്തെത്തി കരപറഞ്ഞു.
തുടർന്ന് അമ്മയെ ദേശപര്യടനത്തിനായി പുറത്തെഴുന്നള്ളിക്കുന്ന ചടങ്ങ് തുടങ്ങി. ആർപ്പുവിളിക്കുന്ന കരക്കാർക്കൊപ്പം ഭദ്രകാളിമുടി കിഴക്കേ മുറ്റത്തിറങ്ങി ഭൂതത്താൻ നടയെ വലംവെച്ച് മൂലക്ഷേത്രത്തിന്റെ തെക്കേ നടവഴിയിൽ അർധപ്രദക്ഷിണം ചെയ്ത് പടിഞ്ഞാറോട്ടിറങ്ങി. വരിക്കപ്ലാമൂട് തറയിലെത്തി പിടിപ്പണം വാങ്ങി. കരവിളിച്ചിറക്കിയതോടെ ക്ഷേത്രത്തിലേക്കുള്ള മടക്കമായി.