കോട്ടയം : കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോര്‍ട്ട്. യുവാവിനെ കാണാനില്ലെന്നു കാണിച്ച് കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടില്‍ ജസ്റ്റിന് കുരുവിളയെ (30) കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ചിങ്ങവനം പോലീസിനു പരാതി നല്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
നാലു വര്‍ഷം മുന്‍പാണ് ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ജസ്റ്റിന് സ്ട്രീം അറ്റ്ലാന്‍ഡിക്ക് എന്ന കപ്പലില്‍ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്കു പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്ലാന്‍ഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പല്‍, ഫെബ്രുവരി 23 നാണ് അമേരിക്കന്‍ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയില്‍ ജസ്റ്റിനെ കാണാതായെന്നാണ് ബന്ധുക്കളെ കമ്പനി നേരിട്ട് അറിയിക്കുകയായിരുന്നു.