കോട്ടയം: പാലാ ആവര്‍ത്തിക്കാനാണ് പദ്ധതിയെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് . തമ്മില്‍ തല്ലി പാലായില്‍ തോറ്റ സാഹചര്യം ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കുട്ടനാട് സീറ്റ് നിലവില്‍ കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. കേരള കോണ്‍ഗ്രസിന്റെ ഏത് വിഭാഗത്തിനാണ് സീറ്റ് എന്നത് രമ്യമായി തീരുമാനിക്കണം. സീറ്റിന്റെ പേരില്‍ തര്‍ക്കമോ തമ്മിലടിയോ ഉണ്ടായാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന കര്‍ശന മുന്നറിയിപ്പാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിന്റെ നടപടികള്‍ തുടങ്ങും മുമ്പേ കേരള കോണ്‍ഗ്രസിലുണ്ടായ ചര്‍ച്ചകള്‍ അനവസരത്തിലാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. മുന്നറിയിപ്പുണ്ടായിട്ടും സീറ്റ് ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ മുന്നോട്ടു നീങ്ങുകയാണ്. കുട്ടനാട്ടില്‍ ഇരു വിഭാഗവും യോഗം വിളിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റ് ഏതെങ്കിലും ഒരു വിഭാഗത്തിനു നല്‍കിയാല്‍ മറുവിഭാഗം കടുത്ത നിലപാട് സ്വീകരിക്കുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ഇതു കൂടി മുന്നില്‍ കണ്ടാണ് തര്‍ക്കം മൂത്താല്‍ സീറ്റ് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയത്.