ടെഹ്‌റാൻ: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിയൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ അടക്കമുള്ള ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ മുൻ കമാൻഡറായിരുന്ന മുഹ്‌സിൻ റിസായി.
എലീറ്റ് ഖുദ്സ് ഫോഴ്സ് തലവനും റെവല്യൂഷണറി ഗാർഡ്‌സിലെ മേജർ ജനറലുമായിരുന്നു കൊല്ലപ്പെട്ട കാസിം സുലൈമാനി. ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് കാസിമിനെ അമേരിക്കൻ സേന വധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ വാർത്ത പുറത്ത് വന്ന ശേഷം അമേരിക്കൻ പതാകയുടെ ചിത്രം ഉൾപ്പടുത്തികൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് ചെയ്തിരുന്നു. ഗൾഫ് മേഖലകളിലുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പെന്റഗൺ കൊലകളെ ന്യായീകരിക്കുന്നത്.
പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇറാന്റെ പിന്തുണയുള്ള ഇറാഖി പൗരസേനകളുടെ തലവൻ അബു മെഹ്ദി മുഹന്ദിസും അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈ സൈനിക സംഘത്തെ ലക്ഷ്യം വച്ചുകൊണ്ട് വെള്ളിയാഴ്ച്ച പുലർച്ചെയാണ് അമേരിക്കൻ സേന റോക്കറ്റ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു.
യുദ്ധത്തിനുള്ള സാദ്ധ്യതകളിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ബാഗ്ദാദിലുള്ള അമേരിക്കൻ എംബസിയ്ക്ക് നേരെ ഇറാഖി പ്രക്ഷോഭകർ കഴിഞ്ഞ ദിവസം പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു. അമേരിക്കൻ ഡ്രോൺ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു പ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തിനിടെ ഇവർ എംബസിക്കുള്ളിലേക്ക് കയറുകയും അമേരിക്കൻ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഈ പ്രക്ഷോഭത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പകരമായാണ് റെവല്യൂഷനറി ഗാർഡ്‌സ് തലവനെ വധിച്ചുകൊണ്ട് അമേരിക്ക പ്രതികരിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.