ആലപ്പുഴ: തോമസ് ചാണ്ടി എം എല്‍ എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിനെചൊല്ലി എന്‍ സി പിയില്‍ പൊട്ടിത്തെറി. മുന്‍മന്ത്രിയും കുട്ടനാട് എം.എല്‍.എ യു മായിരുന്ന തോമസ്ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേയ്ക്ക് പകരം ആളെ കണ്ടെത്തുന്നതില്‍ തര്‍ക്കം മൂക്കുന്നു. ജോസും – ജോസഫും തമ്മിലുള്ള വടം വലിയില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മത്സരിപ്പിക്കണമെന്നാവശ്യവുമായി തോമസ് ചാണ്ടിയുടെ കുടുംബം മുന്നോട്ടുവന്നതാണ് ഇപ്പോള്‍ കല്ലുകടിയായിരിക്കുന്നത്.
പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലാത്ത ആളുകളെ മത്സരിപ്പിക്കാന്‍ സാധ്യമല്ല എന്ന് എന്‍.സി.പി യുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. പീതാംബരന്‍മാസ്റ്ററുടെ പിന്തുണയോടു കൂടിയാണ് ഈ ആവശ്യം കുടുംബം ഉന്നയിച്ചിരിക്കുന്നതെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. നിലവില്‍ പാര്‍ട്ടിക്ക് സംസ്ഥാന അധ്യക്ഷന്‍ ഇല്ലെന്നിരിക്കെ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പീതാംബരന്‍ മാസ്റ്റര്‍ എന്‍.സി.പിക്കാരനല്ലാത്ത തോമസ് കെ തോമസിന് വേണ്ടി തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്നും കത്ത് എഴുതി വാങ്ങിയതെന്ന ചോദ്യമാണ് സംസ്ഥാന നേതാക്കള്‍ ചോദിക്കുന്നത്. കുട്ടനാട് സീറ്റിന്റെ പേരില്‍ ചിലര്‍ ലാഭം കൊയ്യാന്‍ നോക്കുകയാണെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ ഒരു വിഭാഗം ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയച്ചു.
തോമസ് ചാണ്ടിയുടെ ഭാര്യയോ മക്കളിലാരെങ്കിലുമോ ഈ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചാല്‍ അനുവദിക്കണമെന്നും എന്നാല്‍ ബന്ധുത്വം പറഞ്ഞ് അനിയന്‍ മുതലാളിയെ മത്സരിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും സംസ്ഥാന നേതാക്കള്‍ തന്നെ ശരത് പവാറിനെ രേഖാമൂലം നിലപാട് അറിയിക്കുകയും ചെയ്തു. കുട്ടനാട് സീറ്റില്‍ സഹോദരന്‍ തോമസ് കെ തോമസിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ കഴിഞ്ഞ ദിവസം ടി പി പീതാംബരന്‍ മാസ്റ്റര്‍ക്ക് കത്ത് നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ കത്ത് നല്‍കിയത് പീതാംബരന്‍ മാസ്റ്ററുടെ ആവശ്യ പ്രകാരമാണെന്നായിരുന്നു തോമസ് കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതാണ് പാര്‍ട്ടിയില്‍ വിവാദമായത്. തോമസ് ചാണ്ടിയുടെ ഭാര്യയോ മക്കളോ മത്സരിക്കുന്നില്ലെങ്കില്‍ ഈ സീറ്റ് പാര്‍ട്ടിയിലെ യുവ നേതാക്കള്‍ക്ക് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തോമസ് കെ തോമസിന് എന്‍ സി പിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ഇവര്‍ പറയുന്നു. തോമസ് കെ തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഎമ്മിന്റെ കുട്ടനാട് പ്രാദേശിക ഘടകങ്ങള്‍ക്കും എതിര്‍പ്പാണ്.