മലപ്പുറം : മലപ്പുറം കുറ്റിപ്പുറം പാലത്തിന്റെ നവീകരണത്തില്‍ അപാകതയുണ്ടെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ആധുനിക സാങ്കേതികവിദ്യയില്‍ ടാര്‍ ചെയ്ത പാലത്തിന്റെ പ്രതലത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തി. 60 വര്‍ഷം പിന്നിട്ട പാലത്തിലെ കോണ്‍ക്രീറ്റ് പ്രതലം പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്നാണ് ദേശീയപാത വിഭാഗം കുറ്റിപ്പുറം പാലത്തില്‍ നവീകരണം നടത്തിയത്. 37 ലക്ഷം രൂപയ്ക്കാണു കരാര്‍ നല്‍കിയത്. 2019 നവംബര്‍ ആറ് മുതലാണ് നവീകരണ ജോലികള്‍ ആരംഭിച്ചത്. 2020 മാര്‍ച്ചില്‍ ജോലികള്‍ പൂര്‍ത്തീകരിച്ചു. നവീകരണം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ടാര്‍ ചെയ്ത ഭാഗങ്ങള്‍ പലയിടത്തും പൊളിഞ്ഞു.
ഈ സാഹചര്യത്തില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാലത്തിലെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയത്. ആധുനിക സാങ്കേതിക വിദ്യയില്‍ ടാര്‍ ചെയ്ത പാലത്തിന്റെ പ്രതലത്തില്‍ പലയിടത്തും വിള്ളലുകളും പൊട്ടലും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നവീകരണത്തിനു ശേഷം പൊട്ടിയ പ്രതലം പലയിടത്തും ടാര്‍ ചെയ്ത് അടച്ചതും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ പാലത്തിന്റെ നാല് ഭാഗങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു. ടാറിങ്ങിനായി ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം കണ്ടെത്താന്‍ ഇത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.