കൽപറ്റ: കായ മൂപ്പെത്തുന്നതോടെ വാഴകളിൽ കുഴിപ്പുള്ളി രോഗം വ്യാപകമാവുകയാണ്. വയനാടൻ വാഴക്കുലകൾക്കാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം പിടിപെടുന്നത്. കായകളിൽ തവിട്ടുപുള്ളികള്‍ രൂപപ്പെടുകയും പിന്നീട് അത് കുഴികളായി മാറുകായും വാഴ നശിഞ്ഞുപോവുകയും ചെയ്യുന്നു. വയനാടൻ വാഴക്കുലകൾക്ക് സംസ്ഥാനത്തിനകത്തും പുറത്തും ആവശ്യക്കാർ ധാരാളമാണ്. നിരവധി കർഷകരാണ് വയനാട്ടിൽ ഈ കൃഷി ചെയ്യുന്നത്. ഓണ വിപണി ലക്ഷ്യമാക്കി ഒരുക്കിയ നേന്ത്രവാഴകളിൽ കുല വരുന്ന സമയമാണിത്. എന്നാൽ വാഴകളിൽ കണ്ടുവരുന്ന കർഷകരെ ഏറെ സങ്കടപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നേന്ത്രക്കുലകളുടെ വാണിജ്യ സാധ്യതക്ക് മങ്ങല്‍ എൽപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ്. വര്‍ഷകാലത്ത് കായ മൂപ്പെത്തുന്നതോടെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. കായകളുടെ അഗ്രഭാഗത്തായി തൊലിപ്പുറത്ത് സൂചിമുനകളുടെ വലുപ്പത്തിലുള്ള ചെറിയ തവിട്ടുപുള്ളികള്‍ രൂപപ്പെടും. അവ വലുതായി എകദേശം 0.5 സെ.മി വലുപ്പത്തിലുളള കുഴികളായി മാറും.
ഈ കുഴികള്‍ക്ക് ചുറ്റും പര്‍പ്പിള്‍ നിറത്തിലുളള വലയങ്ങള്‍ കാണാം. രോഗം മൂർച്ഛിക്കുന്നതനുസരിച്ച് ഇത്തരം കുഴികള്‍ പരസ്പരം കൂടിച്ചേര്‍ന്ന് വാഴപ്പഴത്തിന്റെ തൊലി കുമിള്‍ബാധ മൂലം കരിഞ്ഞുപോവുകയും ചെയ്യുന്നു.
രോഗം അകത്തേക്ക് ബാധിക്കാതെ തൊലിപ്പുറത്തുമാത്രം കാണുന്നതിനാല്‍ ഉള്ളിലെ കാമ്പിന് കാര്യമായ ദോഷം സംഭവിക്കുന്നില്ല. എന്നാൽ, ഇത്തരം പുള്ളിക്കുത്തുകളും അവ ഉണ്ടാക്കുന്ന കരിച്ചിലുകളും കുലകളുടെ വിപണിമൂല്യം ഗണ്യമായി കുറക്കുന്നുണ്ട്. മൂപ്പ് കൂടിയതിനുശേഷവും കുല തോട്ടത്തില്‍ നിര്‍ത്തുകയാണെങ്കില്‍ കായീച്ചയും, പഴയീച്ചയും കായ്കളില്‍ മുട്ട ഇടുകയും മുട്ടവിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കള്‍ കാമ്പിനുള്ളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം പുഴുക്കുത്തേറ്റ കായ്കളില്‍ തൊലിപ്പുറമെ ചെറിയ സുഷിരങ്ങളുണ്ടാകും. ഇതോടെ ഈ പഴങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാതായിത്തീരും. രോഗം പ്രധാനമായും കായ്കളെയാണ് ബാധിക്കുന്നത്. എന്നാൽ, ടിഷ്യൂ കള്‍ച്ചര്‍ വാഴതൈകള്‍, വാഴപ്പോള, ഇല, ഇലത്തണ്ട്, കുലത്തണ്ട് എന്നിവിടങ്ങളില്‍നിന്ന് രോഗകാരിയായ കുമിളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗം ബാധിച്ച കായ്കളില്‍നിന്ന് കുമിളിന്റെ വിത്തുകള്‍ വായുവിലേക്ക് വ്യാപിക്കുകയും അങ്ങനെ രോഗം ചുറ്റുപാടുമുള്ള മറ്റുവാഴകളിലേക്ക് പടരുകയും ചെയ്യും.
കുഴിപ്പുള്ളി രോഗത്തിന് കാരണമായ കുമിളിന് അനുയോജ്യമായ കാലാവസ്ഥയാണ് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം. ഇതിനാല്‍ രോഗം വരാതിരിക്കാനും, വ്യപിക്കാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാർഷിക സർവകലാശാലയിലെ ഡോ. വിമി ലൂയിസ് (പ്രഫസര്‍ ആൻഡ് ഹെഡ്, വാഴ ഗവേഷണ കേന്ദ്രം കണ്ണാറ), അലന് സി. ആന്റണി (ഗവേഷണ വിദ്യാർഥി, കാര്‍ഷിക കോളജ്, വെള്ളാനിക്കര) എന്നിവർ അറിയിച്ചു.
താഴെയുള്ള നിർദേശങ്ങൾ പാലിച്ചാൽ രോഗം തടയാം.
1. ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി തോട്ടം വൃത്തിയായി സൂക്ഷിക്കുക.
2. പോളിഎത്തിലീന്‍ കവര്‍ / പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് കുലകള്‍ പൊതിയുക.
3. ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് കുലകള്‍ പൊതിയരുത്.
4. കായ്കളിലെ രോഗബാധക്ക് രോഗാരംഭത്തില്‍ തന്നെ സമ്പര്‍ക്ക കുമിള്‍ നാശിനികളായ മാങ്കോസെമ്പ് 5. അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് 3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ, അന്തര്‍ വ്യാപന ശേഷിയുളള കുമിള്‍ നാശിനിയായ കാര്‍ബെന്റാസിം 1 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ തളിച്ചുകൊടുക്കുന്നതിലൂടെ രോഗവ്യാപനം തടയാം.