ഇരിക്കൂര്‍ : കാലുതെറ്റി കുഴിയില്‍ വീണ വീട്ടമ്മ പിന്നെ പൊങ്ങിയത് തൊട്ടപ്പുറത്തെ കിണറ്റില്‍. കണ്ണൂര്‍ ഇരിക്കൂറില്‍ ആണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് (42) കാലുതെറ്റി കുഴിയില്‍ വീണത്. തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
വീട്ടമ്മ കുഴിയില്‍ വീണതോടെ വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അതു കൊണ്ട് തന്നെ കാര്യമായ പരിക്കുകളില്ലാതെ വീട്ടമ്മ രക്ഷപ്പെട്ടു.
പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കുഴിയില്‍ നിന്നും തൊട്ടടുത്ത കിണറിലേക്ക് രൂപപ്പെട്ട തുരങ്കത്തിലൂടെ ആണ് വീട്ടമ്മ വീണത് എന്ന് വ്യക്തമായി. അപകടം നടന്ന സ്ഥലം നാട്ടുകാരും പോലീസും നിരീക്ഷിക്കുണ്ട്. കുഴിയില്‍ വീണ വീട്ടമ്മ കിണറ്റില്‍ പൊങ്ങിയതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും നാട്ടുകാര്‍.