പന്തളം : അടിസ്ഥാനസൗകര്യത്തിന്റെ കുറവ് കരിങ്ങാലിപ്പാടത്തെ കർഷകരെ വലയ്ക്കുന്നു. കൃഷി ഇറക്കേണ്ട ഡിസംബർമാസം മുതൽ വെള്ളത്തിന്റെ പ്രശ്‌നമാണ് കർഷകർക്ക് പ്രധാനമായും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആധുനിക സൗകര്യങ്ങൾ കൃഷിക്കായി ഒരുക്കുന്ന കാലത്തുപോലും കരിങ്ങാലിപ്പാടത്ത് വെള്ളംവറ്റിച്ച് നേരത്തേ കൃഷിയിറക്കുവാനുള്ള സൗകര്യമില്ല. പല പാടശേഖരങ്ങളിലും വൈദ്യുതിപോലും എത്തിയിട്ടില്ല. പമ്പുസെറ്റുകൾക്കു പകരം ഇപ്പോഴും പെട്ടിയും പറയും ഡീസൽ എൻജിനുമാണ് മിക്ക പാടശേഖരങ്ങളിലും ഉപയോഗിക്കുന്നത്. ഇതിന് കർഷകർതന്നെ പണം മുടക്കേണ്ട അവസ്ഥയുമാണ്.
വൃശ്ചികകാർത്തികയ്ക്ക് നിലം ഒരുക്കി കൃഷിയിറക്കേണ്ട കരിങ്ങാലി പാടശേഖരത്തിൽ ഇത്തവണയും കൃഷി പ്രതിസന്ധിയിലാകും. വിത്ത് വാങ്ങിവെച്ച് ഞാറ് പാകാനും വിതയ്ക്കാനുംപോലും കഴിയാതെ വിഷമിക്കുകയാണ് കർഷകർ. കൃഷിയിറക്കേണ്ട സമയമായിട്ടും പാടത്ത് വെള്ളം നിറഞ്ഞുകിടക്കുന്നതാണ് പ്രശ്‌നമാകുന്നത്. ഓരോ മഴയിലും ഐരാണിക്കുടി പാലത്തിനു താഴെയുള്ള വലിയതോടുവഴി കരിങ്ങാലിപ്പാടത്ത് വെള്ളം നിറയുന്നതുകാരണം നിലം പൂട്ടിയടിച്ച് ഒരുക്കാൻ കർഷകർക്ക് കഴിയുന്നില്ല. വെള്ളം അടിച്ചുവറ്റിക്കാൻ പദ്ധതിയില്ലാത്തതുതന്നെയാണ് പാടത്തെ പ്രധാന പ്രശ്‌നം.