കോട്ടയം : നെടുംകുന്നത്ത് മണ്ണെടുത്തതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലായതായി പരാതി. നെടുംങ്കുന്നം പഞ്ചായത്തിലെ കാരുവേലിപ്പടി വൈക്കത്തുശേരില്‍ ടി.വി. മറിയാമ്മയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന്റെ മുന്‍വശത്തെ ഒന്‍പത് സെന്റ് സ്ഥലത്തുനിന്നും, മണ്ണെടുത്ത് മാറ്റിയതോടെയാണ് വീട് അപകടാവസ്ഥയിലായതെന്ന് മറിയാമ്മ പറയുന്നു. മുന്‍വശത്തെ പറമ്പില്‍നിന്ന് മണ്ണെടുത്ത് നീക്കിയതോടെ മറിയാമ്മയുടെ വീട് 13 അടി ഉയരത്തിലായി. മണ്ണെടുത്ത ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടില്ല. ആകെയുള്ള നടപ്പുവഴിയും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്.
മറിയാമ്മയുടെ പരാതിയെത്തുടര്‍ന്ന് മുന്‍പ് ഇവിടുത്തെ മണ്ണെടുപ്പ് പഞ്ചായത്ത് തടഞ്ഞിരുന്നു. ഇവരുടെ പുരയിടത്തില്‍ നിന്നും ആറടി അകലത്തില്‍ മാത്രമേ മണ്ണെടുക്കാവൂ എന്ന് പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം അംഗീകരിക്കാതെ സ്ഥലം ഉടമ വീണ്ടും കഴിഞ്ഞ ദിവസം മണ്ണെടുപ്പ് നടത്തിയെന്നാണ് മറിയാമ്മയുടെ ആരോപണം. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മറിയാമ്മ.