കൊല്ലം : വ്യവസായ കുതിപ്പിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിയ സിഡ്കോ എസ്റ്റേറ്റുകളില്‍ ഭൂമിക്ക് രേഖകള്‍ ഒന്നും നല്‍കാതെ സര്‍ക്കാര്‍ സംരംഭകരെ കബളിപ്പിക്കുന്നു. പട്ടയവും തീറാധാരവും കിട്ടാത്ത വ്യവസായികള്‍ക്ക് ബാങ്ക് വായ്പ കിട്ടണമെങ്കില്‍ സ്വന്തം വീടും വസ്തുവും പണയപ്പെടുത്തേണ്ട സ്ഥിതിയാണ്. വ്യവസായ-റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് ചുവപ്പുനാട കുരുക്കുമ്പോള്‍ സംരംഭങ്ങള്‍ പതിയെ നിലച്ചുപോകുന്ന സ്ഥിതിയാണ്.
കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലെ പ്രധാന സിഡ്കോ പാര്‍ക്കില്‍ 85 വ്യവസായങ്ങളുണ്ട്. ശബരിമല അടക്കം പ്രധാന ക്ഷേത്രങ്ങളിലെ പായസ വിതരണത്തിന് ഇവിടെ നിന്നാണ് ടിന്നുകള്‍ ഉണ്ടാക്കി വില്‍ക്കുന്നത്. ലോക്ക്ഡൗണില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായി നിശ്ചലമായി. ഇപ്പോള്‍ പതിയെ ചലിച്ച് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക തകര്‍ച്ച മറികടന്ന് കൊവിഡ് ഭീതി ഒഴിയുമ്പോള്‍ ലാഭം നേടണം. അതിന് ബാങ്ക് വായ്പ എടുക്കാമെന്ന് കണക്കുകൂട്ടി. പക്ഷെ സര്‍ക്കാരിന്റെ വ്യവസായ ഭൂമിയിലാണെങ്കിലും ഒരു ബാങ്കും വായ്പ നല്‍കില്ല. കാരണം ഈട് നല്‍കാന്‍ തീറാധാരം ഇല്ല.
വ്യവസായിക്ക് തീറാധാരം നല്‍കണമെങ്കില്‍ റവന്യൂ വകുപ്പ് സിഡ്കോ എസ്റ്റേറ്റുകള്‍ക്ക് ആദ്യം പട്ടയം നല്‍കണം. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവില്‍ 2003 ല്‍ പട്ടയം കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതാണ്. പക്ഷെ സംസ്ഥാനത്തെ ഏഴ് പ്രധാന എസ്റ്റേറ്റുകളിലെ വ്യവസായികള്‍ ഇന്നും അതിനായി കാത്തിരിക്കുന്നു. പട്ടയം കിട്ടിയ ചെറുകിട എസ്റ്റേറ്റുകളിലാകട്ടെ തീറാധാരം നല്‍കാതെ സിഡ്കോയും സംരംഭകരെ വലയ്ക്കുന്നു. സര്‍ക്കാരിന്റെ വ്യവസായ മേഖലയെന്ന് മേനി പറയാമെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും സിഡ്കോ ഒരുക്കുന്നില്ലെന്നും സംരംഭകര്‍ പറയുന്നു. ഒരു അടിസ്ഥാന വികസനവും സിഡ്കോ വ്യവസായ ഭൂമിയില്‍ ഇല്ല, ഒരു കാറ്റ് അടിച്ചാല്‍ വൈദ്യുതി നിലയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്.