മലപ്പുറം : കനത്ത മഴയിൽ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പുന്നക്കാട് ഭാഗത്ത് വൻ മണ്ണിടിച്ചിൽ. നിരവധിപേർ കുടുങ്ങിയതായി പ്രാഥമിക വിവരം. രാവിലെ 10.30ന് നിലമ്പൂർ തഹസിൽദാർക്കാണ് ഇത് സംബന്ധിച്ച് ആദ്യ സന്ദേശം ലഭിക്കുന്നത്. ഉടൻ താലൂക്ക് കൺട്രോൾ റൂമിൽ നിന്നും പോലീസ്, ഫയർഫോഴ്സ്, വില്ലേജ് ഓഫീസർ എന്നിവർക്ക് വിവരം നൽകി. ഞൊടിയിടയിൽ ആംബുലൻസും രക്ഷാ പ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനം ദുഷ്‌കരമായതിനാൽ വിവരം ദേശീയ ദുരന്ത നിവാരണ വിഭാഗത്തെ അറിയിച്ചു. അപകട സാധ്യതയെ തുടർന്ന് കരുവാരക്കുണ്ട് ക്യാമ്പ് ചെയ്യുകയായിരുന്ന സേന ഉടൻ സ്ഥലത്തെത്തി.
കൂട്ടായ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി നാല് പേരെയും രക്ഷിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. നാല് പേരാണ് കുടുങ്ങിക്കിടന്നിരുന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് സംഘങ്ങൾ മടങ്ങി. ഓടിക്കൂടിയ നാട്ടുകാർ ആദ്യം അമ്പരന്നെങ്കിലും മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വാസമായി.
ദുരന്ത നിവാരണ ഒരുക്കങ്ങൾ എത്രത്തോളം എന്നു വിലയിരുത്താനാണ് മോക്ഡ്രിൽ നടത്തിയത്. രക്ഷാ പ്രവർത്തനവും ക്യാമ്പ് സംവിധാനങ്ങൾ ഒരുക്കലും എത്രത്തോളം പ്രായോഗികമാണ് എന്നു കൂടിയുള്ള വിലയിരുത്തലാണ് നടന്നത്. കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ് സജ്ജീകരിച്ചത്. ദേശീയ ദുരന്ത നിവാരണ സേന ആർക്കോണം നാലാം ബറ്റാലിയന്റെ തൃശൂർ റീജനൽ റസ്പോൺസ് സെന്ററിലെ 25 പേരാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ്, ട്രോമാകെയർ വിഭാഗങ്ങളും പങ്കെടുത്തു.