തിരുവനന്തപുരം : ക്ഷേത്രാചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഇടത് സര്ക്കാരിന്റെ പദ്ധതി ഉപേക്ഷിക്കണംമെന്ന് അഖില കേരള തന്ത്രിമണ്ഡലം ആവശ്യപ്പെട്ടു.
ക്ഷേത്രാചാരങ്ങളായി ദേവസ്വം മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വഴിപാടുകള്‍ , ഉത്സവം എന്നിവ ദുര്‍വ്യയങ്ങളാണെന്ന് കാണിച്ച് GO (MS )No.57/2021RD നമ്പറായി 12/02/2021ല്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവ് തിരുത്തുകയോ അടിയന്തിരമായി പിന്‍വലിക്കുകയോ ചെയ്യണം
മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണ ഉത്തരവിലെ പൊതുനിബന്ധനയിലുള്‍പ്പെടുത്തി നല്‍കിയിട്ടുള്ള ഈ ഉത്തരവിലൂടെ ക്ഷേത്രാചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ക്ഷേത്രങ്ങളെ സംബന്ധിച്ച് പരമപ്രധാനമായ വഴിപാടുകള്‍ , ഉത്സവങ്ങള്‍ എന്നിവ ഒഴിവാക്കാനാകാത്ത ആചാരവും തന്ത്രിദക്ഷിണ ക്രിയാംഗവുമാണ് .
ക്ഷേത്രാചാരങ്ങള്‍ ദുര്‍വ്യയങ്ങളാണെന്ന ഉത്തരവ് അടിയന്തിരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ഭക്തജനങ്ങളുടെ സഹകരണത്തോടുകൂടി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും അതിന് വേണ്ടി ഹൈന്ദവ സംഘടനകളുടെ യോഗം വിളിച്ചുകൂട്ടുന്നതിനും തന്ത്രി മണ്ഡലം സംസ്ഥാന കര്‍മ്മസമിതി തീരുമാനിച്ചു. പ്രസിഡന്റ് വി.ആര്‍.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കുടല്‍മന വിഷ്ണു നമ്പൂതിരി, ട്രഷറര്‍ എസ് .ഗണപതി പോറ്റി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.