തിരുവനന്തപുരം: സംസ്ഥാനം ഇനി ആര് ഭരണം നടത്തുമെന്ന ആശങ്കയില്‍ ത്രികോണ മുന്നണികള്‍. എന്നാല്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ എതിര്‍പക്ഷം നടത്തുന്ന സംഘടിത നുണ പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വില കല്‍പ്പിക്കുന്നില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ക്കു കഴിയില്ലെന്നു തിരഞ്ഞെടുപ്പു ഫലം തെളിയിക്കുമെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിനെതിരെ അപവാദ കഥകളുടെ പ്രളയം സൃഷ്ടിച്ച് അഴിമതിക്കെതിരെ വോട്ടു തേടിയവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. ആരോപണങ്ങള്‍ മാധ്യമ സഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണു യുഡിഎഫ്.
കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബിജെപിക്ക് ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള കെല്‍പ്പില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ നേട്ടത്തിനു ദുരുപയോഗിക്കുകയാണ് അവര്‍. യുഡിഎഫിനെ സഹായിക്കാനുള്ള ബിജെപി നീക്കവും പുറത്തു വന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനെക്കാള്‍ വിപുലവും ശക്തവുമായ ജനകീയ അടിത്തറയാണ് ഇന്ന് എല്‍ഡിഎഫിന്റേതെന്നും പിണറായി വിജയന്‍ പറഞ്ഞു.