ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നൊരു പുതിയ ടൂവീലർ വാങ്ങണമെന്ന് പ്ലാനിട്ടാൽ ആദ്യം ചിന്തിക്കുക ഇവികളെ കുറിച്ചായിരിക്കും. കുറഞ്ഞ ചെലവിൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ വൈദ്യുത വാഹനങ്ങൾക്കാവുന്ന പോലെ മറ്റൊരു മോഡലുകൾക്കും ആവില്ലെന്നു തന്നെ പറയാം. ശരാശരി നോക്കിയാലും ഇന്ന് 100 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് നൽകുന്ന ഇവികളാണ് നമുക്കിടയിലുള്ളത്. പെട്രോൾ സ്‌കൂട്ടറുകളെ അപേക്ഷിച്ച് വില അൽപം കൂടുതലായി തോന്നുമെങ്കിലും പെട്രോൾ അടിക്കാൻ പണം കണ്ടത്തേണ്ട എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇതൊന്ന് ശീലമായാൽ പോക്കറ്റിൽ കാശ് കിടക്കുകയും ചെയ്യും. രാത്രി ഉറങ്ങാൻനേരം ഇലക്‌ട്രിക് വാഹനം ഒന്ന് ചാർജ് ചെയ്യാൻ ഇട്ടാലും മതി. സംഭവം ജോറാവും. അടുത്തിടെ പരിഷ്ക്കരിച്ച ഫെയിം II സബ്‌സിഡിക്ക് ശേഷം ഇലക്ട്രിക് വാഹനങ്ങളുടെയെല്ലാം വിലയിൽ ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണ്.
SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവി അടുത്തിടെ അതായത് ജൂലൈയിൽ തങ്ങളുടെ ഏറ്റവും പുതിയ LXS G2.0, LXS G3.0 ഇലക്ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇവികൾ പുറത്തിറക്കി ഒരു മാസത്തിനുള്ളിൽ 12,000 ബുക്കിംഗുകളാണ് കമ്പനിയെ തേടിയെത്തിയിരിക്കുന്നത്. പുതിയ LXS G2.0, LXS G3.0 എന്നീ രണ്ട് സ്‌കൂട്ടറുകൾക്കും ഒരു ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. 2024 മാർച്ചോടെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി 50,000 ബുക്കിംഗുകൾ നേടാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.
പരിമിതകാല പ്രാരംഭ ഓഫറോടെ ജൂലൈയിലാണ് ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. തുടർന്ന് ഓഗസ്റ്റിൽ ഡെലിവറികളും ആരംഭിച്ചു. 36 സുരക്ഷാ ഫീച്ചറുകൾ, 24 സ്‌മാർട്ട് ഫീച്ചറുകൾ, 14 കംഫർട്ട് ഫീച്ചറുകൾ എന്നിവയുടെ ഒരു നിരയുമായാണ് സ്കൂട്ടറുകൾ വരുന്നത്.
2.3kWh, 3kWh ബാറ്ററി ഓപ്ഷനുകളിൽ ഇവ ലഭ്യമാണ്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും ഈ പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കാവും. കുറഞ്ഞ വിലയ്ക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന കുഞ്ഞൻ ഇലക്ട്രിക് സ്കൂട്ടറുകൾ തേടുന്നവർക്ക് പറ്റിയ ഓപ്ഷനാണ് SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവിയുടെ പുത്തൻ LXS G2.0, LXS G3.0 ഇ-സ്കൂട്ടറുകൾ.