കൊച്ചി : അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ തിങ്കളാഴ്ച വീണ്ടും പ്രതിഷേധമുയരും. നിരവധി വ്യത്യസ്ത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദ്വീപ് നിവാസികള്‍ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം ഓലമടല്‍ സമരവുമായാണ് രംഗത്തെത്തുന്നത്.
രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെ വീടുകളില്‍ സ്വന്തം പറമ്പിലെ ഓലയും മടലും നിരത്തിയിട്ട് അതിന് മുകളിലിരുന്ന് ജനങ്ങള്‍ സമരം ചെയ്യും. ചവറ് സംസ്കരണത്തിന് സംവിധാനം ഒരുക്കുക, പിഴ നിര്‍ത്തലാക്കുക, ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് സ്വന്തം എന്നിങ്ങനെ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരിക്കും പ്രതിഷേധം.
ഓലയും മടലുമടക്കമുള്ളവ പരിസരങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ മാലിന്യ സംസ്കരണം നടത്താത്തതിന് നടപടിയെടുക്കുമെന്ന അധികൃതരുടെ ഉത്തരവിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാതെയുള്ള ഉത്തരവ് അശാസ്ത്രീയമാണെന്ന് ജനങ്ങള്‍ വ്യക്തമാക്കുന്നു. ഓലമടല്‍ കത്തിക്കരുതെന്നും റോഡില്‍ ഇറങ്ങി സമരം ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരാഹാരവും കരിദിനാചരണവുമടക്കമുള്ള സമരങ്ങള്‍ ഇതിനോടകം ലക്ഷദ്വീപില്‍ നടന്നിരുന്നു.