പത്തനംതിട്ട : നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ തുണ്ടുമണ്‍കരയില്‍ ഇന്നും പുലിയുടെ കാല്‍പ്പാടുകള്‍. കോട്ടപ്പാറ മലയുടെ അടിവാരത്ത് അഴകത്ത് മേലേതില്‍ വിജയകുമാരന്‍ നായരുടെ വീടിനു സമീപമാണ് ഇന്ന് രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ഇതിനടുത്ത് ഇന്നലെയും കാല്‍പ്പാടുകള്‍ കണ്ടിരുന്നു. വനപാലകര്‍ ഇന്നലെ വന്ന് പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കൂടുതല്‍ വ്യക്തമാക്കാതെ അവര്‍ പോയി.
പുലിയുടെ സാന്നിധ്യം മൂന്നാം ദിവസവും കുമ്പഴയില്‍ തുടരുമ്പോഴും തികഞ്ഞ അനാസ്ഥയിലാണ് വനം വകുപ്പ്. ജില്ലയുടെ ചുമതല വഹിക്കുന്നത് വനംവകുപ്പ് മന്ത്രി കെ.രാജുവാണ്. പുലിയുടെ കാല്‍പ്പാടുകള്‍ ദിവസേന ജനവാസ മേഖലയില്‍ കാണപ്പെടുകയാണ്. ജനങ്ങള്‍ കടുത്ത ആശങ്കയിലുമാണ്. എന്നാല്‍ വേണ്ടരീതിയില്‍ പരിശോധനകള്‍ നടത്തുവാന്‍ വനപാലകര്‍ തയ്യാറാകുന്നില്ല. രണ്ടാം ദിവസവും കോട്ടപ്പാറ മലയുടെ അടിവാരതിലാണ് പുലി ചുറ്റിപ്പറ്റി നില്‍ക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് വാര്‍ഡ് കൌണ്‍സിലര്‍ അംബികാ വേണു ആവശ്യപ്പെട്ടു.