കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കെ.പി.ആർ നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് സംഭവം. പുലിയെ കണ്ടതോടെ പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു.
പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ വനംവകുപ്പ് അധികൃതർ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ശ്രീ കണ്ഠാപുരം ചെങ്ങളായിയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലായിരുന്നു. പുലി എവിടെനിന്നാണ് കൃഷിയിടത്തിലെത്തിയതെന്നും പ്രദേശത്ത് കൂടുതൽ പുലികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടർന്ന് സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചു.





























