ആലുവ : ട്രെയിനുകള്‍ കടന്നുപോകുന്ന സമയത്ത് ലെവല്‍ ക്രോസിലെ ഗേറ്റ് അടച്ചില്ല. അപകടം തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റുമാര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ആലുവ ഗാരേജിന് സമീപത്തെ റെയില്‍വേ ഗേറ്റില്‍ ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം. കന്യാകുമാരി-ബംഗളൂരു, പാലക്കാട്-പുനലൂര്‍ ട്രെയിനുകള്‍ ഇരുദിശയിലും കടന്നുപോകുന്ന സമയത്താണ് റെയില്‍വേ ഗേറ്റ് തുറന്നുകിടന്നത്. ദൂരെ നിന്നും വാഹനങ്ങള്‍ കടന്നുപോകുന്നത് എന്ജിന് ഡ്രൈവര്‍മാര്‍ കണ്ടതോടെ ഗേറ്റിന് തൊട്ട് മുമ്പായി തുടര്‍ച്ചയായി സൈറണ്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തി.
ഈ സമയത്തും ലെവല്‍ ക്രോസ്സിലൂടെ ആളുകളും വാഹനങ്ങളും കടന്നുപോകുന്നുണ്ടായിരുന്നു. സൈറണ്‍ കേട്ടശേഷമാണ് ട്രെയിന്‍ ഗേറ്റിനു സമീപം നിര്‍ത്തിയിട്ട വിവരം ഗേറ്റ് കീപ്പര്‍ അറിഞ്ഞതത്രേ. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ വേഗം കടത്തിവിട്ട് ഗേറ്റ് അടച്ചു. ഇതിന് ശേഷമാണ് ട്രെയിനുകള്‍ കടന്നുപോയത്. ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. എന്നാല്‍, ട്രെയിനുകള്‍ വരുന്നതായുള്ള അറിയിപ്പ് തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഗേറ്റ് കീപ്പറുടെ വിശദീകരണം.