തിരുവനന്തപുരം : എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സിന്‍റെ സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. ചർച്ചയ്ക്ക് നിയമമന്ത്രി എ. കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാല്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയില്ല. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുകയാണ്. സർക്കാർ ഇറക്കിയ ഉത്തരവിൽ പിഴവുണ്ടെന്ന് ആവർത്തിക്കുകയാണ് സി.പി.ഒ റാങ്ക് ഹോൾഡർമാർ. സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പൂർണ്ണമായും തള്ളിയാണ് ഉത്തരവിറക്കിയത്.
റാങ്ക് ലിസ്റ്റിൽ നിന്നു 74% നിയമനം നടത്തിയതായാണ് സർക്കാർ വാദം. കാലാവധി കഴിഞ്ഞ ലിസ്റ്റ് പുന:രുജ്ജീവിപ്പിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഉത്തരവിലുള്ളതെന്നാണ് സി.പി.ഒ ഉദ്യോഗാർത്ഥികൾ അറിയിക്കുന്നത്. 1200 ഒഴുവുകൾ ഇപ്പോഴും ഉണ്ടെന്ന് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി അവർ സമരം തുടരുന്നു. നൈറ്റ് വാച്ച് മാൻമാരുടെ ജോലി സമയം കുറയ്ക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാനാണ് സർക്കാർ തീരുമാനം. ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.