ശാസ്താംകോട്ട: കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കുന്നത്തൂരിൽ തുടക്കമായി. മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ പ്ലാറ്റിനം ജൂബിലി ദീപം ചക്കുവള്ളി ജംഗ്ഷനിൽ തെളിച്ചു. മധു സി.ശൂരനാട് പ്ലാറ്റിനം ജൂബിലി പ്രചരണ പോസ്റ്റർ രചനയും അർത്തിയിൽ അൻസാരി ദീപം തെളിയ്ക്കലും നിർവ്വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ പ്ലാറ്റിനം ജൂബിലി സന്ദേശം നല്കി. അനിൽ പി തോമസ് അദ്ധ്യക്ഷത വഹിച്ചു. സലീം എസ് വട്ടവിള, മുജീബ് തട്ടേടുത്ത്, ബി.ഷാജി ബംഗ്ലാവുവിള എന്നിവർ പ്രസംഗിച്ചു.
തിരുവിതാംകൂറിൽ 1945 സെപ്തംബർ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടിയിട്ട് 75 വർഷങ്ങൾ പിന്നിടുകയാണ്. ‘അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗൺസിൽ ആയി പരിണമിച്ചത്. പി.എൻ. പണിക്കർ എന്ന ക്രാന്തദർശിയും അക്ഷര മഹർഷിയുമായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താൽ ആണ് കേരള ഗ്രന്ഥശാലാസംഘം ഇന്നി കാണുന്ന രൂപത്തിൽ ആയി മാറിയത്.
2020 ഫെബ്രുവരി 16 ഞയറാഴ്ച വൈകിട്ട് 4.30 മണിക്ക് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഭരണിക്കാവ് പുന്നമൂട് ജംഗ്ഷനിൽ വച്ച് മുല്ലക്കര രത്നാകരൻ എം എൽ എ നിർവ്വഹിക്കും. തുടർന്ന് 18 വയസിനു മുകളിൽ പ്രായമുള്ളവരുടെ നാടൻപാട്ട് മത്സരം അരങ്ങേറും. 19 ന് വൈകിട്ട് 4 മണിയ്ക്ക് കാരളി ജംഗ്ഷനിൽ വച്ച് കവിതാലാപന മത്സരം നടക്കും. 23 ന് ഗ്രന്ഥശാല പ്രവർത്തക സംഗമവും സമാപന സമ്മേളനവും ശാസ്താംകോട്ട ആഞ്ഞിലിമൂട് ലേക്ക് വ്യൂ കൺവൻഷൻ സെന്ററിൽ നടക്കും. മന്ത്രി ജെ. മേഴ്സി കൂട്ടിയമ്മ, കേവുർ കുഞ്ഞുമോൻ എം എൽ എ , പി.കെ.ഗോപൻ, ചവറ കെ.എസ് പിള്ള, വള്ളിക്കാവ് മോഹൻ ദാസ് എന്നിവർ പങ്കെടുക്കും. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേത്യത്വത്തിൽ വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്.