പത്തനംതിട്ട : സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍ അധികം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ കോന്നി പോലീസ് കസ്റ്റഡയില്‍ എടുത്തു. കോന്നി മ്ലാന്തടം പുത്തന്‍വിളയില്‍ വീട്ടില്‍ എം.ആര്‍.റാണി ലക്ഷ്മിയെയാണ് കോന്നി സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം വകയാര്‍ മ്ലാന്തടത്ത് നിന്നും പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി അനുവദിച്ച പണം തന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റിയതായാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
കൊല്ലം നീണ്ടകരയിലുള്ള ബാങ്ക് അക്കൌണ്ടിലേക്കാണ് പണം മാറ്റിയത്. 51,23,000 രൂപയാണ് ഇവര്‍ വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റിയത്. തണ്ണിത്തോട്, ചിറ്റാര്‍ പോലീസ് സ്റ്റേഷനുകളില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടത്തിയതായാണ് പറയപ്പെടുന്നത്. ഇത് പോലീസ് അന്വേഷിച്ച് വരുന്നതേയുള്ളൂ. ഇവര്‍ മ്ലാന്തടത്തുള്ള വീട്ടില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതോടെ കോന്നി സി.ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു. മുന്‍പ് ബന്ധുക്കള്‍ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടും ഇവര്‍ക്ക് എതിരെ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.































