തിരുവനന്തപുരം : ലൈഫ് പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തലവനെ മാറ്റി. ഡിെൈവഎസ്പി അനില്‍കുമാറിനെയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് (യൂണിറ്റ് 1) കോട്ടയത്തേക്കു മാറ്റിയത്. പകരം ആളെ നിയമിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് മാറ്റമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച ഫോണുകള്‍ വിജിലന്‍സ് സിഡാക്കില്‍ പരിശോധിച്ചിരുന്നു. സ്വപ്‌നയുടെ അക്കൗണ്ടിലുള്ള ഒരു കോടിരൂപ കമ്മിഷനായി കിട്ടിയതാണോ എന്നു മനസിലാക്കാനാണ് ഫോണുകള്‍ പരിശോധിച്ചത്. സിഡാക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇതു പരിശോധിക്കാനായി അടുത്തയാഴ്ച സൈബര്‍ വിദഗ്ധനെ കൊണ്ടുവരാനാണ് ആലോചന.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ബലപരിശോധനയുടെ റിപ്പോര്‍ട്ടും അടുത്തയാഴ്ച കുസാറ്റില്‍നിന്ന് ലഭിക്കും. സെപ്റ്റംബര്‍ 23നാണ് ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച ആരോപണത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി രൂപ ചെലവാക്കിയാണ് വടക്കാഞ്ചേരിയില്‍ 140 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ചു ആരോഗ്യകേന്ദ്രം നിര്‍മിക്കുമെന്നാണ് കരാര്‍. പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ കൈക്കൂലി നല്‍കിയെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷന്‍ നല്‍കിയതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. 2019 ജൂലൈ 11നാണ് കരാര്‍ ഒപ്പുവച്ചത്.