തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സി.ബി.ഐ. കേസെടുത്തതോടെ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമികാന്വേഷണത്തിന് ഇനി നിലനിൽപ്പില്ല. ഉയർന്ന അന്വേഷണ ഏജൻസി കേസ് രജിസ്റ്റർചെയ്ത സാഹചര്യത്തിൽ പ്രാഥമികാന്വേഷണം തത്കാലം നിർത്തിവെക്കുകയോ ഉപേക്ഷിക്കുകയോ മാത്രമേ ചെയ്യാനാകൂ. ഇതിൽ സർക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിമാത്രമേ വിജിലൻസ് മുന്നോട്ടുപോകൂ. ആരോപണങ്ങളിൽ പ്രാഥമികാന്വേഷണം നടത്താനാണ് സർക്കാർ വിജിലൻസിനോട് ആവശ്യപ്പെട്ടത്.
കഴമ്പുണ്ടെങ്കിൽമാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു തീരുമാനം. ഇപ്പോൾ കേന്ദ്ര ഏജൻസി കേസ് രജിസ്റ്റർചെയ്ത സാഹചര്യത്തിൽ വിജിലൻസിന് മുന്നിലുള്ളത് അന്വേഷണം നിർത്തിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക എന്നത് മാത്രമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. സാധാരണ വിജിലൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ് ഉയർന്ന ഏജൻസികൾക്ക് വിടുകയാണെങ്കിൽ ബന്ധപ്പെട്ട രേഖകളും മറ്റും കൈമാറുകയാണ് പതിവ്. പ്രാഥമികാന്വേഷണം ആരംഭിക്കാനിരിക്കേതന്നെ ഒരേ കേസിൽ ഉയർന്ന ഏജൻസി എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത അനുഭവം ആദ്യമായാണെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എൻ.ഐ.എ.തീവ്രവാദബന്ധവും കസ്റ്റംസ് കള്ളക്കടത്തും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ ക്രമക്കേടിലേക്കും അഴിമതിയിലേക്കുമാണ് സി.ബി.ഐ. അന്വേഷണം നീങ്ങുക.
നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകളിൽ സംസ്ഥാനം പ്രത്യേക അന്വേഷണം നടത്തുന്നതിനെ കേന്ദ്ര ആഭ്യന്തരവകുപ്പ് എതിർക്കും. യു.എ.ഇ.യുമായി കേസ് ബന്ധപ്പെട്ടുകിടക്കുന്നതിനാൽ സി.ബി.ഐക്കുമാത്രമേ വിദേശത്തുപോകാനും അന്വേഷണം നടത്താനും കഴിയൂ. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ലൈഫ് മിഷനിലെ ആകെ ക്രമക്കേട് അന്വേഷിക്കാനാണെന്ന് സംസ്ഥാനത്തിന് വാദിക്കാം. എന്നാൽ യു.എ.ഇ. റെഡ്ക്രസന്റുമായുള്ള ഇടപാട് രണ്ട് അന്വേഷണത്തിലും വരുമെന്നതിനാൽ ഈ വാദം നിലനിൽക്കുകയില്ല.