മല്ലപ്പള്ളി : ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മല്ലപ്പള്ളി ബ്ലോക്കില്‍ 255 കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിച്ചുവെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബസംഗമം മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണു കേരളത്തിന്റെ വികസനത്തിനു കാരണം. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ഒന്നിച്ചുള്ള ശ്രമഫലത്തിനുദാഹരണമാണ് ബ്ലോക്കിലെ 255 വീടുകള്‍. ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വപ്നമാണു സ്വന്തമായി ഒരു ഭവനം. അവ സാധ്യമാക്കുന്ന ലൈഫ് മിഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ആനിക്കാട് പഞ്ചായത്തിലെ ലൈസാമ്മ വെള്ളക്കല്ലിന് വീടിന്റെ താക്കോല്‍ നല്‍കി താക്കോല്‍ദാനവും എം പി നിര്‍വഹിച്ചു. പത്തനംതിട്ട പ്രൊജക്ട് ഡയറക്ടര്‍ എന്‍ ഹരി വിഇഒ മാരേയും ഗ്രാമ പഞ്ചായത്തുകളേയും ആദരിച്ചു.
കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിച്ച അദാലത്തിലൂടെ നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ, ലൈഫ്മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.റെജി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്.വി സുബിന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേല്‍, റെജി ചാക്കോ, എലിസബത്ത് മാത്യു, തോമസ് മാത്യു, എം.എസ് സുജാത, കെ രാധാകൃഷ്ണകുറുപ്പ്, ബിന്ദു ദേവരാജന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ഓമന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് മനുഭായി മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ സേവനങ്ങളും ബോധവല്‍ക്കരണവും ശ്രദ്ധനേടി. മല്ലപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാരാണ് ജീവിതശൈലി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട രക്ത സമ്മര്‍ദം പരിശോധിക്കല്‍, രക്തത്തിലെ ഷുഗര്‍ പരിശോധന, ബോധവല്‍ക്കരണം ഉള്‍പ്പെടെ നടത്തിയത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു ഡയറ്റിഷന്‍, ഒരു കൗണ്‍സിലര്‍ ഉള്‍പ്പെടെ 16 ജീവനക്കാരാണു കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി സേവനത്തിനായി ഉണ്ടായിരുന്നത്. ജീവിത ശൈലി രോഗങ്ങള്‍ വരാതിരിക്കാന്‍ സമൂഹം എന്തെല്ലാം മുന്‍കരുതലെടുക്കണം, ആഹാരത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം, എന്തെല്ലാം ഉപയോഗിക്കരുത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ബോധവല്‍ക്കരണ പ്രദര്‍ശനം കുടുംബ സംഗമത്തിന്റെ ഭാഗമായി ഒരുക്കി. ഭക്ഷണത്തില്‍ വിഷരഹിതമായ പച്ചക്കറി വേവിക്കാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നു പ്രദര്‍ശനം ബോധ്യപ്പെടുത്തുന്നു. ശരിയായ ആരോഗ്യത്തിന് ഇല ആഹാരം ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന വിവരണങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്ക് കൊടുക്കേണ്ടതും ഒഴിവാക്കേണ്ടതുമായ വിവിധ ഭക്ഷണ സാധനങ്ങളെകുറിച്ച് പ്രദര്‍ശനവും വിവരങ്ങള്‍ ബോഡുകളില്‍ രേഖപ്പെടുത്തി ബോധവാന്‍ന്മാരാക്കുകയും ചെയ്തു.