കൊച്ചി : സ്പൈ ഉപകരണങ്ങൾ ഏതും യാതൊരു നിയന്ത്രണങ്ങളും കൂടാതെ ആർക്കും വാങ്ങാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കടയിൽ നിന്നും ഓൺലൈനായും സമൂഹിക മാധ്യമങ്ങൾ വഴിയും ഇവ സുലഭമായി ലഭിക്കും. ഏറിയപങ്കും ചൈനീസ് നിർമിതമാണ്.
സുരക്ഷാ ഉപകരണങ്ങൾ എന്ന പേരിലാണ് ഇത്തരം ഉപകരണങ്ങൾ മാർക്കറ്റ് ചെയ്യുന്നത്. നിത്യോപയോഗ വസ്തുക്കളുടെ രൂപത്തിലാണ് പലതും എത്തുന്നത്. ഒരു മൊബൈൽ ചാർജറിന്റെയോ കംപ്യൂട്ടർ മൗസിന്റെയോ രൂപത്തിലായിരിക്കും. ദൃശ്യങ്ങളും ശബ്ദവും മികവോടെ ഇതിൽ ശേഖരിക്കാം. എളുപ്പത്തിൽ ലാപ്ടോപ്പിലേക്കും മൊബൈൽ ഫോണിലേക്കും ഇതിലെ വിവരങ്ങൾ പകർത്താം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കും ഇത്തരം ഉപകരണങ്ങളുടെ അനിയന്ത്രിത കച്ചവടം ഭീഷണിയാണ്.
മേശപ്പുറത്ത് വെയ്ക്കുന്ന ഡിജിറ്റൽ ക്ലോക്കിന്റെ രൂപത്തിലും സിം കാർഡ് ഉപയോഗിക്കാവുന്ന കംപ്യൂട്ടർ മൗസുകളുടെ രൂപത്തിലുമൊക്കെയാണ് പുതിയ ചോർത്തൽ സംവിധാനങ്ങളെത്തുന്നത്. വാച്ചുകളിൽ ഒളിപ്പിച്ച ക്യാമറകളും റെക്കോഡിങ് ഉപകരണങ്ങളും ധാരാളം കിട്ടും. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന സിം കാർഡുകൾ ഇട്ട് നിയന്ത്രിക്കുന്ന ഉപകരണങ്ങളാണ് ഇപ്പോൾ വ്യാപകം.