തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് വേണമെന്ന എല്‍ജെഡിയുടെ ആവശ്യം തള്ളി സിപിഎം. ഇത്രയും സീറ്റുകള്‍ നല്‍കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ലെന്ന് വ്യക്തമാക്കിയ സിപിഎം മുന്നണി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചു.
തുടര്‍ സീറ്റുചര്‍ച്ചകള്‍ക്കായി എല്‍ജെഡി മൂന്നംഗ സമിതിയെ നിയോഗിച്ചു. 2016ല്‍ യുഡിഎഫിലായിരുന്ന എല്‍ജെഡി ഏഴ് സീറ്റുകളിലാണ് മല്‍സരിച്ചത്. മുന്നണി മാറിയെങ്കിലും ഇക്കുറിയും ഏഴ് സീറ്റ് വേണമെന്നാണ് ഇടതുമുന്നണിക്ക് മുന്നില്‍ എല്‍ജെഡി വച്ച ആവശ്യം. കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി ഏഴ് സീറ്റുകളാണ് എല്‍ജെഡി ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ ഇടതുമുന്നണിയില്‍ ജനതാപാര്‍ട്ടികള്‍ ഒന്നായിനിന്ന സമയത്ത് പോലും ആകെ 8 സീറ്റേ നല്‍കിയിട്ടുള്ളൂ എന്ന് സിപിഎം ഓര്‍മിപ്പിക്കുന്നു. നിലവില്‍ എല്‍ജെഡിയും ജെഡിയുവും രണ്ട് പാര്‍ട്ടികളായി തുടരുകയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എല്‍ജെഡിക്ക് മാത്രം ഏഴ് സീറ്റുകള്‍ നല്‍കുന്നതെങ്ങനെയെന്നും സിപിഎം നേതൃത്വം ചോദിക്കുന്നു.
എല്‍ജെഡിയുടെ ആവശ്യം തള്ളിയ സിപിഎം, സീറ്റുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്ന കര്‍ശന നിര്‍ദേശവും നല്‍കി. ഈ സാഹചര്യത്തിലാണ് ഇനിയുള്ള സീറ്റു ചര്‍ച്ചകള്‍ നടത്താന്‍ ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ദേശീയ സമിതി അംഗം കെ.പി.മോഹനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.