ഇന്ത്യയിലെ ഇരുചക്ര വാഹനപ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു പേരാണ് എൽ.എം.എൽ. അല്ലെങ്കിൽ ലോഹിയ മെഷിൻസ് ലിമിറ്റഡ്. 1972 മുതൽ സ്കൂട്ടറുകളും ബൈക്കുകളുമായി ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞ് നിന്നിരുന്ന ഈ കമ്പനി 2017-ൽ നിരത്തുകളോട് വിട പറയുകയായിരുന്നു. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളുമായി എൽ.എം.എൽ. മടങ്ങിയെത്താൻ ഒരുങ്ങുന്നതായി സൂചന.
എൽ.എം.എൽ. പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇന്ത്യൻ നിരത്തുകളിൽ മടങ്ങിയെത്തുന്നത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുള്ളത്. മറ്റൊരു കമ്പനിയുടെ നിക്ഷേപക പിന്തുണയോടെയാണ് ഈ രണ്ടാം വരവെന്നും എൽ.എം.എൽ. പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇലക്ട്രിക് വാഹന നിർമാതാക്കളായി രണ്ടാം വരവിന് ഒരുങ്ങുന്ന എൽ.എം.എല്ലിന് ഈ മേഖലയിൽ വലിയ മാറ്റങ്ങൾ സാധ്യമാകുമെന്നും കമ്പനി പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യൻ നിരത്തുകളിലേക്ക് മടങ്ങിവരവ് സാധ്യമാകുന്നതിൽ ഞങ്ങൾ ഏറെ ആവേശത്തിലാണ്. മികച്ച സാങ്കേതികവിദ്യയിലും വലിയ കരുത്തുമുള്ള വാഹനം നിരത്തുകൾക്ക് സമ്മാനിക്കുന്നതിനും വാഹന മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നതിനുമുള്ള പരീക്ഷണങ്ങളാണ് കമ്പനിയെന്ന് എൽ.എം.എൽ. ഇലക്ട്രിക് മേധാവി ഡോ. യോഗേഷ് ഭാട്ടിയ അറിയിച്ചു. നഗരപ്രദേശങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രീമിയം ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ എത്തിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞു.
1972-ൽ ആരംഭിച്ച ഇന്ത്യൻ കമ്പനിയാണ് എൽ.എം.എൽ. ഇതിനുപിന്നാലെ 1983-ൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോ വെസ്പയുമായി സഹകരിച്ച് 100 സി.സി. സ്കൂട്ടർ ശ്രേണിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ബജാജിന്റെ ചേതക് എന്ന സ്കൂട്ടറായിരുന്നു ഈ വാഹനത്തിന്റെ പ്രധാന എതിരാളി. 1999-ൽ പിയാജിയോയുമായുള്ള സഹകരണം എൽ.എം.എൽ. അവസാനിപ്പിക്കുകയും സ്വതന്ത്രമായി സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും വിപണിയിൽ എത്തിക്കുകയുമായിരുന്നു.