പത്തനംതിട്ട : പ്രളയ ബാധിതരുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ ജില്ലാതല വിതരണോദ്ഘാടനം ഈ മാസം 25 ന് ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം നിര്‍വഹിക്കും. വീണാ ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍ തുടങ്ങിയ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റോസിലിന്‍ സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. ജേക്കബ് എന്നിവര്‍ പങ്കെടുക്കും.
ദുരന്തത്തിന്റെ ആഘാതത്തില്‍ പകച്ചുപോയ ജനതയ്ക്ക് തങ്ങളുടെ ജീവിതവും ജീവനോപാധികളും തിരിച്ച് പിടിക്കുന്നതിനുള്ള കൈതാങ്ങ് നല്‍കുക എന്ന ലക്ഷ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കിയ പദ്ധതിയാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം. പ്രളയ ബാധിതര്‍ക്ക് ഒറ്റത്തവണ സമാശ്വാസമായി 10,000/ രൂപ ലഭിച്ചവര്‍ക്കാണ് വീട്ടുപകരണങ്ങളും ഗാര്‍ഹിക ഉപകരണങ്ങളും വാങ്ങുന്നതിനും ജീവനോപാധികള്‍ നേടുന്നതിനും ആവശ്യകത കണക്കാക്കി അവരെ കുടുംബശ്രീ അംഗമാക്കി ഒരു കുടുംബശ്രീ അംഗത്തിന് പരമാവധി 1,00,000/ രൂപ വരെ പലിശ രഹിത വായ്പ ഈ പദ്ധതി വഴി നല്‍കിയത്. ഈ വായ്പ അയല്‍ക്കൂട്ടങ്ങള്‍ വഴി ബാങ്കില്‍ നിന്നും ലഭ്യമാക്കി. 36 മുതല്‍ 48 വരെ മാസം കൊണ്ട് 9% പലിശ സഹിതം വായ്പ തുക തിരിച്ചടയ്ക്കുകയും വായ്പയുടെ മുഴുവന്‍ പലിശയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയില്‍ പ്രളയബാധിത അയല്‍ക്കൂട്ടങ്ങള്‍ക്ക് 124.26 കോടി രൂപ വായ്പ ലഭ്യമായി. 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പലിശ ഇനത്തില്‍ നല്‍കേണ്ട 9,25,60,844/ രൂപയാണ് ഇപ്പോള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.