ന്യൂഡല്‍ഹി : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഗ്രൂപ്പിസമെന്ന വിമര്‍ശനവുമായി ഹൈക്കമാന്‍ഡ്. കേരളത്തില്‍ ഗ്രൂപ്പിസം രൂക്ഷമെന്ന് വിലയിരുത്തിയ ഹൈക്കമാന്‍ഡ്, പദവിക്ക് വേണ്ടി ചിലര്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വിമര്‍ശിക്കുന്നു. എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം അടൂര്‍ പ്രകാശ് എംപിക്കടക്കം വലിയ തിരിച്ചടിയാണ്. അതേസമയം പാലക്കാട്, എറണാകുളം, വയനാട് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാനും ധാരണ ആയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്ത ആഴ്ച റിപ്പോര്‍ട്ട് നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കെപിസിക്കെതിരെ ഹൈക്കമാന്റില്‍ അതൃപ്തി രൂക്ഷമായത്. കേരളത്തില്‍ ഗ്രൂപ്പിസം രൂക്ഷമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. പാര്‍ട്ടി തോറ്റാലും ഗ്രൂപ്പ് ശക്തിപ്പെടണമെന്നാണ് നേതാക്കളുടെ ആഗ്രഹം.
കേരളത്തിലെ നേതാക്കളുടെ ഗ്രൂപ്പിസം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. അതോടൊപ്പം ഫ്ളക്സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയാണ് നിലനില്‍ക്കുന്നത്. പദവികള്‍ക്ക് വേണ്ടിയാണ് പല നേതാക്കളും പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടക്കുന്നതെന്നാണ് വിമര്‍ശനം. പ്രവര്‍ത്തന മികവില്ലാത്ത അദ്ധ്യക്ഷന്‍മാരെ മാറ്റാനായി ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. കെപിസിസിയുമായി ആലോചിച്ച ശേഷമാകും നടപടി.