റാന്നി: റാന്നിയിൽ യു.ഡി.എഫിൽ സീറ്റ് ധാരണയായില്ല. ഘടകകക്ഷികൾ ഇടയുന്നതാണ് പ്രശ്‌നം. ഓരോരുത്തരും ആവശ്യപ്പെടുന്ന സീറ്റുകൾ കൊടുക്കാൻ കഴിയുന്നില്ല. കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതും തർക്കത്തിന് ഇടയാക്കുന്നു.
നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച തുടങ്ങുമ്പോഴും സീറ്റ് വിഭജനം യു.ഡി.എഫിനു കീറാമുട്ടിയായി തുടരുകയാണ്. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം കൂടുതൽ സീറ്റ് ചോദിക്കുന്നതാണ് യു.ഡി.എഫിനു കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. മുസ്ലിംലീഗ്, ആർ.എസ്.പി എന്നീ കക്ഷികളും തർക്കത്തിലാണ്. കഴിഞ്ഞ തവണ നൽകിയ സീറ്റുകളിൽപോലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി പ്രചാരണം തുടങ്ങിയെന്നാണ് മുസ്ലിംലീഗും ആർ.എസ്.പിയും ആരോപിക്കുന്നത്. ആർ.എസ്.പിക്ക് നാല് സീറ്റ് ധാരണയായിട്ടുണ്ട്. ലീഗിന് ആയിട്ടില്ല.
മുസ്ലിംലീഗിനെ ഓരോ തവണയും അവഗണിക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ തവണ കോട്ടങ്ങലിൽ രണ്ട് സീറ്റ് ലഭിച്ചത് ജയിച്ചിരുന്നു. ഒരൊണ്ണം കൂടി ആവശ്യപ്പെടുന്നുണ്ട്. സ്ഥാനാർഥികളെ നിശ്ചയിക്കും മുന്നേ കോൺഗ്രസ് പ്രവർത്തകർ വീട് കയറി തുടങ്ങി. ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പേ ഇറങ്ങിയവർ ഒടുവിൽ പിൻവാങ്ങാതെ നോമിനേഷൻ നൽകി വിമതരാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ നിലയിൽ റിബലുകളുടെ സാധ്യത ഒഴിവാക്കാൻ നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ ഏകദേശം ധാരണയായെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.