തിരുവനന്തപുരം : കാല്‍നൂറ്റാണ്ടോളം യുഡിഎഫ് ഭരിച്ച തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തില്‍ ഇക്കുറി കോണ്‍ഗ്രസും മുസ്‍ലിം ലീഗും രണ്ടു തട്ടില്‍. ഒരു വാര്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒറ്റയ്ക്കു മത്സരിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. പത്രിക പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സമവായശ്രമം തുടരുന്നുണ്ടെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറല്ല. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണു യുഡിഎഫ് ഇക്കുറി പൂവച്ചലില്‍ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയത്.
കഴിഞ്ഞ തവണ ഒരു സീറ്റില്‍ മത്സരിച്ച മുസ്‍ലിം ലീഗ് ചോദിച്ചത് നാല് സീറ്റ്. ഒടുവില്‍ രണ്ടു സീറ്റില്‍ ധാരണയായെങ്കിലും പുളിങ്കോട് വാര്‍ഡ് കിട്ടാഞ്ഞതോടെ ലീഗ് ഇടഞ്ഞു. പുളിങ്കോട് ഉള്‍പ്പടെ നാല് വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. ലീഗിനു നല്‍കിയ ആലമുക്ക് വാര്‍ഡ് ഒഴിച്ച് 22 ഇടത്തും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തി. സമവായ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ലീഗ് പിന്‍മാറാന്‍ തയാറായിട്ടില്ല. 25 വര്‍ഷത്തോളം യുഡിഎഫ് ഭരിച്ചിട്ടുള്ള പഞ്ചായത്തില്‍ കഴിഞ്ഞതവണ ഏഴ് സീറ്റായിരുന്നു യുഡിഎഫിന്.