ആനിക്കാട് : പഞ്ചായത്തിലെ ഹനുമാൻകുന്ന്–ചാരംകുഴി റോഡ് പുനരുദ്ധാരണം പൂർത്തിയാകുന്നതും കാത്ത് നാട്ടുകാർ. 5 മാസം മുൻപു തുടങ്ങിയ പുനരുദ്ധാരണ പ്രവൃത്തികളാണ് എങ്ങുമെത്താതെ കിടക്കുന്നത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന ടാറിങ് ഇളക്കി മാറ്റി കുറേയിടങ്ങളിൽ മെറ്റൽ നിരത്തിയിരുന്നു. പിന്നീട് മറ്റു പ്രവൃത്തികളൊന്നും നടത്തിയിരുന്നില്ല. ടാറിങ്ങിളകി നാശോന്മുഖമായിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രവൃത്തികൾ തുടങ്ങിയത്. മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ കാൽനടയാത്ര അസാധ്യമാണ്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ടയറുകൾ കേടുപാടുകൾ സംഭവിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പാതിക്കാട്–കവളിമാവ്, മല്ലപ്പള്ളി–ചേലക്കൊമ്പ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്നതാണു ചാരംകുഴി–ഹനുമാൻകുന്ന് റോഡ്. ചാരംകുഴി– ഹനുമാൻകുന്ന് റോഡിനു സമീപത്തുള്ള വെള്ളരിങ്ങാട്ട് റോഡും തകർന്ന് ശോച്യാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും തകർന്നുകിടക്കുന്ന റോഡിൽ ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴിയിലേക്കു ചാടി സഞ്ചരിക്കേണ്ട ഗതികേടാണുള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചാരംകുഴി–ഹനുമാൻകുന്ന്, വെള്ളരിങ്ങാട്ട് എന്നീ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.