കോന്നി : പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ പോത്തുപാറ കമ്പകത്തുംപച്ചയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. ഇന്നലേയും ഇന്നും ആയിട്ടാണ് കടുവയെ കണ്ടതായി പ്രദേശവാസികളും ടാപ്പിംഗ് തൊഴിലാളികളും പറയുന്നത്. റബ്ബർ തോട്ടത്തിനുള്ളിൽ നിന്നും കടുവ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ പറയുമ്പോൾ കടയിൽ പോയി തിരികെ വന്ന നന്ദു എന്ന ചെറുപ്പക്കാരനും കടുവയെ കണ്ടതായും തുടർന്ന് പ്രദേശവാസിയോട് വിവരം പറഞ്ഞതായും പറയുന്നു. തുടർന്ന് കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ കോറി ഐ എഫ് എസ്ന്റെ നിർദേശപ്രകാരം പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്‌സും വനപാലകരും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവ ഇറങ്ങിയതായുള്ള യാതൊരു സ്ഥിരീകരണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രദേശത്തെ സ്വകാര്യ പാറമടയോട് ചേർന്ന് കിടക്കുന്ന റബ്ബർ തോട്ടത്തിലാണ് കടുവയെ കണ്ടതായി പറയുന്നത്. ഈ ഭാഗം ജനവാസ മേഖലയായതിനാൽ തന്നെ വനം വകുപ്പ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുലർച്ചെയും രാത്രിയിലും ഉള്ള ടാപ്പിങ് ജോലികൾ ഒഴിവാക്കണം എന്നും രാത്രിയിൽ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും വനപാലകർ പൊതു ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വനപാലകർ രാത്രികാല പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചു. ഇതിന് സമീപ പ്രദേശങ്ങളായ പോത്തുപാറ, ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവടങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടാവുകയും പ്രദേശത്ത് സ്ഥാപിച്ച കെണിയിൽ പുലികൾ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. കടുവയുടെ സാന്നിധ്യം കൂടി ഉണ്ടെന്ന് നാട്ടുകാർ തന്നെ പറയുമ്പോൾ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികൾ.