ഡല്‍ഹി : 21 ദിവസത്തെ കൊവിഡ് ലോക്ഡൗണിനു ശേഷം ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇനിയുമായില്ല. ഈ മാസം 14 ന് ലോക്ഡൗണ്‍ അവസാനിക്കുന്നതിനാല്‍ 15 മുതല്‍ ട്രെയിന്‍ സർവീസിന് രാജ്യത്തെ റെയില്‍വേ സോണുകള്‍ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് ബോർഡിന്റെ വിശദീകരണം.
ഓരോ ട്രെയിനും റെയില്‍വേ ബോര്‍ഡില്‍ നിന്ന് പ്രത്യേകം അനുമതി ലഭിച്ചാലേ സര്‍വീസ് തുടങ്ങൂവെന്ന് ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. റെയില്‍ മന്ത്രി പിയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും തമ്മില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. റെയില്‍ മന്ത്രാലയത്തില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ 85 ശതമാനം ട്രെയിനുകളും ഈ മാസം 15ന് തന്നെ ട്രാക്കില്‍ തിരിച്ചെത്തിക്കാന്‍ റെയില്‍വേ ഒരുങ്ങിക്കഴിഞ്ഞു.
രാജധാനി, ജനശതാബ്ദി, തുരന്തോ, ലോക്കല്‍ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാർക്ക് എല്ലാ പരിശോധനകളും ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ചരക്ക് ട്രെയിനുകള്‍ ഒഴികെ എല്ലാ സർവീസുകളും റെയില്‍വേ നിര്‍ത്തിവെച്ചത്. 13,523 യാത്രാ ട്രെയിനുകളാണ് ആകെ റദ്ദാക്കിയത്.