ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുന്നത് ചില മേഖലകളില്‍ ഇളവുകളോടെ. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ലോക്ഡൗണ്‍ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നും സൂചനകള്‍ പുറത്തുവന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പിനായി ഇളവുകള്‍ ഉണ്ടായേക്കും. കര്‍ഷകര്‍ക്ക് ദുരിതം ഉണ്ടാകരുതെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ ചുവപ്പ്, മഞ്ഞ,പച്ച മേഖലകളായി തിരിച്ചാകും ലോക്ഡൗണ്‍ തുടരുക. ചുവപ്പില്‍ അതീവഗൗരവമേറിയ മേഖല, മഞ്ഞ മേഖലയില്‍ രോഗമുളള സ്ഥലങ്ങള്‍, പച്ചയില്‍ സുരക്ഷിത മേഖല എന്നിങ്ങനെയാകും ഉള്‍പ്പെടുത്തുക.
ഇതിനിടെ ലോക്ഡൗണ്‍ നീട്ടുമെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രിയുടെ ട്വീറ്റ് എത്തി. പ്രധാനമന്ത്രിയുടെത് ശരിയായ തീരുമാനമെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. നിര്‍മാണമേഖലയ്ക്ക് ഇളവുണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചെന്ന് പുതുച്ചേരി മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ നീട്ടണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കര്‍ണാടക മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. ഇളവുകളോടെ തുടരണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായും മേഖല തിരിച്ചുമാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂവെന്നും അദ്ദേഹം പറഞ്ഞു.